Idukki; ബഫർ സോൺ വിഷയം; ഇടുക്കിയിലും മലപ്പുറത്തും യുഡിഎഫ്‌ ഹര്‍ത്താല്‍ തുടങ്ങി

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ യുഡിഎഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ്‌ മുതല്‍ വൈകിട്ട്‌ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം.

അതേസമയം, മലപ്പുറം ജില്ലയിലെ മലയോര മേഖലയിലും ഇന്ന് യുഡിഎഫ് ഹർത്താൽ ആഹ്വനം ചെയ്തിട്ടുണ്ട്. നിലമ്പൂർ നഗരസഭയിലും പതിനൊന്ന് പഞ്ചായത്തുകളിലുമാണ് യു ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ.സംരക്ഷിത വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയായി നിജപ്പെടുത്തണമെന്ന സുപ്രീം കോടതിയിൽ വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്. സൈലന്റ് വാലി ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന ജില്ലയിലെ മലയോര മേഖലയായ നിലമ്പൂർ നഗരസഭാ പരിധിയിലും കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി തുടങ്ങിയ പഞ്ചായത്തുകളിലുമാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.

സംരക്ഷിത വനമേഖലയുടെ ഒരുകിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല പ്രദേശമായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടല്‍ നടത്തണമെന്നാണ്‌ ആവശ്യം. 1964ലെയും 93ലെയും ഭൂപതിവ്‌ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും യു.ഡി.എഫ്‌ നേതൃത്വം ആവശ്യപ്പെടുന്നു. നേരത്തെ വയനാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ മേഖലകളിലും എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഹർത്താലുകൾ നടത്തിയിരുന്നു.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News