Lookout Notice; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമശ്രമം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്തിൽവെച്ചുണ്ടായ അക്രമശ്രമത്തിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.

പ്രതികളുടെ ജാമ്യഹർജിയും കസ്റ്റഡി അപേക്ഷയുമെല്ലാം ഇനി പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പരിഗണിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും സർക്കാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News