CM; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമശ്രമം; പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തുടങ്ങി

മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമശ്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻ്റെ യോഗം കൊച്ചിയിൽ ചേരുന്നു. അന്വേഷണ സംഘത്തലവൻ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി.പ്രജീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് യോഗം.ആക്രമണ ശ്രമത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടൊ എന്നതടക്കമുള്ള കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്. അന്വേഷണത്തിൻ്റെ തുടർ പദ്ധതികൾ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണ ശ്രമം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻ്റെ നേരിട്ടുള്ള ആദ്യ യോഗമാണ് എറണാകുളം പോലീസ് ക്ലബ്ബിൽ ചേർന്നത്. അന്വേഷണ സംഘത്തലവനായ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി.പ്രജീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലായിരുന്നു യോഗം. അന്വേഷണ പുരോഗതി യോഗം വിലയിരുത്തി.കേസിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ പുറത്തു കൊണ്ടുവരണമെന്ന് ഡി ജി പി നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കുന്ന കാര്യം യോഗത്തിൽ ചർച്ചയായി.

യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്,നവീൻകുമാർ എന്നിവരെ അറസ്റ്റ്ചെയ്തിരുന്നു.ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള കാര്യങ്ങൾ സംഘം ചർച്ച ചെയ്തു. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിസുനിത് നാരായണനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് തീരുമാനിച്ചിരുന്നു.

വിമാനത്തിൽ കയറിക്കൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ലക്ഷ്യം മുഖ്യമന്ത്രിയെ ആക്രമിക്കലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വിമാനക്കമ്പനിയുടെ റിപ്പോർട്ട് പൊലീസിന് ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണ സംഘം ചർച്ച ചെയ്തു.വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണെന്ന് പ്രത്യേക സംഘാംഗങ്ങൾ യോഗത്തിൽ അറിയിച്ചു.വിമാനത്തിൽ വിശദമായ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍, ടിക്കറ്റ് എടുത്ത് നല്‍കിയവര്‍ എന്നിവരെ ഉടൻ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ഊർജിതമാക്കാനും പ്രത്യേക സംഘത്തിൻ്റെ യോഗത്തിൽ തീരുമാനിച്ചു. കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം എ സി പി ഡികെ പൃഥീരാജ്, വലിയതുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിഎ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്‍ എന്നിവടരങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News