അഗ്നിപഥ് പദ്ധതി; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു

സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ വിമര്‍ശം ശക്തം. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ് പദ്ധതിയെന്ന് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്. ജനറല്‍ വിനോദ് ഭാട്യ പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടില്ല. ഇത്രവലിയ മാറ്റത്തിന് മുതിരുമ്പോള്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാമെന്ന് പഠിക്കേണ്ടിയിരുന്നു- ഭാട്യ ചൂണ്ടിക്കാട്ടി.

പുതിയ റിക്രൂട്ട്മെന്റ് രീതി സിഖ്, ജാട്ട്, ഗൂര്‍ഖ തുടങ്ങിയ സിംഗിള്‍ ക്ലാസ് റജിമെന്റുകള്‍ ഇല്ലാതാക്കുമെന്ന് സമീപകാലത്ത് ബിജെപിയോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതികരിച്ചു. സൈനിക കാര്യത്തില്‍ ലാഭേച്ഛ പാടില്ലെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥനായ ലെഫ്. ജനറല്‍ യാഷ്മോര്‍ ചൂണ്ടിക്കാട്ടി. നാലുവര്‍ഷം ഒരു സൈനികനെ യുദ്ധ സജ്ജമാക്കാന്‍ പര്യാപ്തമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധംപോലുള്ള നിര്‍ണായകഘട്ടത്തില്‍ താത്കാലിക സര്‍വീസുകാര്‍ ആത്മാര്‍ഥത കാട്ടില്ല, അപകടസാധ്യതയുള്ള ദൗത്യം ഏറ്റെടുക്കാന്‍ മടിക്കും, നാലുവര്‍ഷം കഴിഞ്ഞ് പിരിയുന്ന 75 ശതമാനം പേരുടെ ഭാവിയില്‍ അവ്യക്തതയുണ്ടെന്നും വിമര്‍ശം ഉയരുന്നു. സര്‍വീസില്‍ പ്രവേശിക്കുന്നവരില്‍ 75 ശതമാനവും 22-25 പ്രായത്തില്‍ പിരിയേണ്ടിവരും. സേവന കാലയളവില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടാനാകില്ല.

പത്താം ക്ലാസ് പാസായ പതിനേഴരമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്ക് അഗ്നിപഥ് സര്‍വീസിന് അപേക്ഷിക്കാം. നാലുവര്‍ഷ കാലയളവില്‍ 31000 മുതല്‍ 40000 വരെയാണ് ശമ്പളം. ഇതിന്റെ 30 ശതമാനം പിരിയുമ്പോള്‍ നല്‍കുന്ന തുകയ്ക്കായി പിടിക്കും. തത്തുല്യമായ തുക സര്‍ക്കാരും മുടക്കും. 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സുണ്ടാകും. സേവനത്തിനിടെ മരിച്ചാല്‍ 44 ലക്ഷം രൂപ നഷ്ടപരിഹാരവും ശേഷിക്കുന്ന സേവന കാലയളവിലെ ശമ്പളവും ബന്ധുക്കള്‍ക്ക് ലഭിക്കും. അപകടം സംഭവിച്ചാല്‍ 15 ലക്ഷം മുതല്‍ 44 ലക്ഷം രൂപ വരെ ലഭിക്കും. കേന്ദ്രസേനകളിലേക്ക് പരിഗണിക്കുമെന്ന് സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്കുമാത്രം നിയമിക്കുന്ന അഗ്നിപഥ് റിക്രൂട്ടുകളുടെ ഭാവിയെക്കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ, അവര്‍ക്ക് കേന്ദ്രസേനകളിലും അസം റൈഫിള്‍സിലും മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനായി നയരൂപീകരണത്തിന് ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടെന്നും അമിത് ഷായുടെ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. അഗ്നിപഥ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഡിഗ്രി വാഗ്ദാനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി.സേവന കാലയളവില്‍ മൂന്ന് വര്‍ഷത്തെ നൈപുണ്യാധിഷ്ഠിത ഡിഗ്രി കോഴ്സാണ് അനുവദിക്കുന്നത്.ഇഗ്നോ ആണ് കോഴ്സ് നടത്തുക. ജ്യോതിഷം അടക്കമുള്ള വിഷയങ്ങളുണ്ട്.

ബിഹാറില്‍ പ്രക്ഷോഭം

സൈന്യത്തില്‍ താല്‍ക്കാലിക നിയമനം അടിച്ചേല്‍പ്പിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുകയാണ്. സ്ഥിരനിയമനം ലക്ഷ്യമിട്ട് പരിശീലിച്ചിരുന്നവരാണ് ബുധനാഴ്ച മുസാഫര്‍പുരിലെ ഹൈവേയും ബക്സറിലെ റെയില്‍വേ ട്രാക്കും ഉപരോധിച്ചത്. റിക്രൂട്ട്മെന്റ് റാലി നടക്കുന്ന ചക്കര്‍ മൈതാനത്തിനടുത്തും സമരം നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News