നേമം റെയില്‍വേ കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം:ആനാവൂര്‍ നാഗപ്പന്‍|Anavoor Nagappan

നേമം റെയില്‍വേ കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നും തലസ്ഥാന ജില്ലയോടും കേരളത്തോടുമുള്ള കേന്ദ്രത്തിന്റെ നിരന്തര അവഗണനയ്ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരണമെന്നും അടിയന്തിരമായി ഈ നീക്കം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇതിനായി കേരളത്തില്‍ നിന്നുള്ള എം പി മാര്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

നേമം റെയില്‍വേ കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തലസ്ഥാന ജില്ലയോടും കേരളത്തോടുമുള്ള നിരന്തര അവഗണയ്ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. അടിയന്തിരമായി ഈ നീക്കം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി കേരളത്തില്‍ നിന്നുള്ള എംപി മാര്‍ ഒറ്റക്കെട്ടായി ഇടപെടണം. നേമം ടെര്‍മിനലിന്റെ കാര്യത്തില്‍ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സിപിഐ എം ന്റെ രാജ്യസഭാ എംപി സ: ജോണ്‍ ബ്രിട്ടാസ് നിരന്തരമായി ഇക്കാര്യം ഉന്നയിച്ചതുകൊണ്ടും രാജ്യസഭാ ചെയര്‍മാന് പരാതി നല്കിയതുകൊണ്ടുമാണ് പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാന്‍ റെയില്‍വേ ഇപ്പോള്‍ തയ്യാറായത്. പദ്ധതി ഒരു പതിറ്റാണ്ടിനു മുമ്പ് പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കു കുറയ്ക്കാനുള്ളതാണ് പദ്ധതി. 2011-12 ലെ റെയില്‍വേ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. നേമത്ത് ഒരു ടെര്‍മിനസ് സ്റ്റേഷന്‍ എന്ന നിലയില്‍ ഉപ ടെര്‍മിനല്‍ ഉണ്ടാക്കാനുള്ളതാണ് പദ്ധതി. കോച്ച് പരിപാലനമാകെ നേമത്തേയ്ക്കു മാറ്റുന്നതും വിഭാവനം ചെയ്തിരുന്നു.

തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലും ഉള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ അപര്യാപ്തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ കഴിവിനേക്കാള്‍ രണ്ടര ഇരട്ടിയോളം തീവണ്ടികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം-കൊച്ചുവേളി പാത പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയാണ്. ചെന്നൈ ബേസിന്‍ ബ്രിഡ്ജ് കോച്ചിംഗ് ഡിപ്പോയെ മാതൃകയാക്കി, 30 തീവണ്ടികള്‍ക്ക് ഇടം നല്കും വിധം10 പിറ്റ് ലൈനുകളും 12 സ്റ്റേബ്‌ളിംഗ് ലൈനുകളും സിക്ക് ലൈനുകളും ഒരുക്കാനായിരുന്നു പദ്ധതി. നിരവധി വര്‍ഷങ്ങളുടെ കാലതാമസത്തിനു ശേഷം പദ്ധതി 2018-19ല്‍ റെയില്‍വേ അംബ്രലാ വര്‍ക്കിന്റെ ഭാഗമാക്കി. അതനുസരിച്ച് റെയില്‍വേ മന്ത്രി 2019 മാര്‍ച്ച് ഏഴിന് തറക്കല്ലും ഇട്ടു. എന്നാല്‍ പദ്ധതി രേഖ അന്തിമമാക്കുന്നത് പിന്നെയും വൈകി. ടെര്‍മിനല്‍ നിര്‍മ്മാണം അകാരണമായി വൈകുന്നതിനെക്കുറിച്ച് രാജ്യസഭയില്‍ നിരവധി തവണ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതി രേഖ പരിഗണനയില്‍ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയായിരുന്നു റെയില്‍വേയുടെ ഭാഗത്തു നിന്നു വന്നത്. തറക്കല്ലിട്ട പദ്ധതി എന്നു തുടങ്ങുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാത്തത് രാജ്യസഭാംഗത്തിനുള്ള അവകാശങ്ങളുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ: ജോണ്‍ ബ്രിട്ടാസ് രാജ്യസഭാദ്ധ്യക്ഷനു പരാതി നല്കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട രാജ്യസഭാദ്ധ്യക്ഷന്‍ വ്യക്തമായ മറുപടി നല്കണമെന്ന് റെയില്‍വേയോടു നിര്‍ദ്ദേശിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപ ടെര്‍മിനലായി കൊച്ചുവേളി ഉള്ള സ്ഥിതിക്ക് നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 30.05.2022ലെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന എംപിയെ അറിയിക്കുകയാണ് റെയില്‍വേ ചെയ്തത്. ഇത് കടുത്ത വഞ്ചനയാണ്. ഇക്കാര്യത്തില്‍ ശക്തമായ ജനകീയ സമരം ഉയര്‍ത്തികൊണ്ട് വരാന്‍ സിപിഐ എം നേതൃത്വം നല്‍കും. റെയില്‍വേ മേഖലയില്‍ എക്കാലവും കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. റെയില്‍വേയെ സ്വകാര്യവല്‍ക്കരിച്ച് വിറ്റ് തുലയ്ക്കാനും നീക്കമുണ്ട്. കേരളത്തിന്റെയും തലസ്ഥാന ജില്ലയുടെയും വികസനത്തില്‍ നിര്‍ണ്ണായക പങ്കുള്ള നേമം ടെര്‍മിനല്‍ പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ല എന്നും അത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം എന്നും ആവശ്യപെടുന്നു. ഇതിനായി എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News