ജ.സിറിയക് ജോസഫ് ലോകായുക്ത സ്ഥാനം രാജിവയ്ക്കണം : കെ.ടി.ജലീൽ

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത സ്ഥാനം രാജിവയ്ക്കണമെന്ന് കെ.ടി.ജലീൽ.അഭയ കേസ് പ്രതികളുടെ നാർക്കോ പരിശോധനയുടെ വിശദാംശങ്ങൾ സിറിയക്ക് ജോസഫ് തന്‍റെ ബന്ധുവായ ജോസ് പിതൃക്കയിലിന് വേണ്ടി ചോർത്തി എന്നും ജലീല്‍ .ജലീലിന്‍റെ വാദങ്ങളെ ഖണ്ഡിച്ച് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍. കുര്യന് മറുപടിയുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ ആത്മകഥയായ ദൈവത്തിന്‍റെ സ്വന്തം വക്കീല്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് അഭയാ കേസിലെ അട്ടിമറികളെ പറ്റി ചൂടേറിയ ചര്‍ച്ച നടന്നത്. കേസിലെ പ്രതിയായിരുന്ന തോമസ് കോട്ടൂരിനെ കേസില്‍ നിന്നൊ‍ഴിവാക്കാന്‍ അദ്ദേഹത്തിന്‍റെ ബന്ധുവായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക്ക് ജോസഫ് വ‍ഴിവിട്ട ഇടപെടല്‍ നടത്തി എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ ആത്മകഥയായ ദൈവത്തിന്‍റെ സ്വന്തം വക്കീല്‍ എന്ന പുസ്തകത്തില്‍ പറയുന്നത്.

ഇത് ചൂണ്ടികാട്ടിയാണ് ജലീല്‍ അൽപമെങ്കിലും നീതിബോധമുണ്ടെങ്കിൽ സിറിയക്ക് ജോസഫ് ലോകായുക്ത സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പുസ്തകം പരിചയപ്പെടുത്തിയ ജലീലിനെയും ഗ്രന്ഥകാരനായ ജോമോൻ പുത്തൻപുരയ്ക്കലിനെയും തള്ളിയാണ് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ.കുര്യൻ സംസാരിച്ചത്.

മനുഷ്യാവകാശ കമ്മീഷൻ അംഗമായി സിറിയക് ജോസഫിൻ്റെ പേര് താന്‍ അടങ്ങുന്ന കമ്മറ്റിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.ബാംഗ്ലൂരിലെ ഫോറൻസിക് ലാബിൽ സിറിയക്ക് ജോസഫ് പോയത് അവര്‍ ക്ഷണിച്ചിട്ടാണെന്നും അത് അഭയ കേസിന്‍റെ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമായിരുന്നുവെന്നും പി ജെ കുര്യന്‍ വെളിപ്പെടുത്തി.

എന്നാല്‍ കുര്യനെ തിരുത്തിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ സംസാരിച്ചത്.അഭയ കേസുമായി ബന്ധപ്പെട്ട് സിറിയക് ജോസഫിനെതിരേ അന്വേഷണം നടത്തിയിട്ടില്ല, ആരും ക്ലീൻ ചിറ്റ് നൽകിയിട്ടുമില്ല ബാംഗ്ലൂരിലെ ഫോറൻസിക് ലാബിൽ സിറിയക് ജോസഫ് നടത്തിയത് മിന്നൽ സന്ദർശനം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഭയകേസിലെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ കഥയാണ് ദൈവത്തിന്‍റെ സ്വന്തം വക്കീല്‍ എന്ന പുസ്തകത്തിന്‍റെ ഇതിവൃത്തം. പുസ്തകം ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രകാശനം ചെയ്തു. പന്ന്യന്‍ രവീന്ദ്രന്‍ ,സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍, രാമചന്ദ്രന്‍ കടന്നപളളി ജസ്റ്റിസ് നാരായണ കുറുപ്പ് എന്നീവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here