നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയാ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ പുതിയ നോട്ടീസ് നൽകുകയായിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ മൂന്ന് ദിവസമായി രാഹുൽഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എന്നാൽ കൊവിഡ് ബാധിതയായി ദില്ലിയിലെ ആശുപത്രിയിൽ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുൽ ആവശ്യപ്പെട്ടത്.
അതേ സമയം, ചോദ്യം ചെയ്യൽ നീണ്ട് പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസർക്കാർ നടപടി കടുപ്പിക്കുമ്പോൾ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേർന്ന നേതൃയോഗത്തിൽ ധാരണയായത്.
ഞായറാഴ്ച മുഴുവൻ എംപിമാരോടും ദില്ലിയിലെത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടു. എംപിമാരുടെ ഔദ്യോഗിക വസതികളിൽ പത്ത് പ്രവർത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും നിർദ്ദേശമുണ്ട്. മോദിയും അമിത് ഷായും ചേർന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും രാജ്യസഭ , ലോക്സഭ അധ്യക്ഷന്മാർക്ക് പരാതി നൽകിയ എംപിമാർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ അറസ്റ്റുണ്ടായാൽ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.