Agnipath Protest:കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി:എസ് എഫ് ഐ

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സേനയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച അഗ്‌നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ് എഫ് ഐ.

സേനാ വിഭാഗങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും സ്റ്റുഡന്‍ഡ് ഫേഡറേഷന്‍ ഓഫ് ഇന്ത്യ- കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘അഗ്നിപഥ്’ രാജ്യത്തെ സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തേയും ബാധിക്കും: ഡോ. ടി എം തോമസ് ഐസക്ക്

സൈനിക സേനയില്‍ നാലുലക്ഷം ഒഴിവുകളാണു നികത്താതെ കിടക്കുന്നതെന്നും ആ ഒഴിവുകളില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു തൊഴില്‍ അന്വേഷകരെ ഞെട്ടിച്ചുകൊണ്ടാണ് നാലു വര്‍ഷത്തേയ്ക്ക് അഗ്നിപഥ് ലേക്ക് താത്ക്കാലിക സേവകരെ എടുക്കുന്നതെന്നും ഇത് സേനയുടെ കാര്യക്ഷമതയെയും ഗുണനിലവാരത്തെയും ബാധിക്കുമെന്നും വിമര്‍ശിച്ച് ഡോ. ടി എം തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

സൈനിക സേനയില്‍ നാലുലക്ഷം ഒഴിവുകളാണു നികത്താതെ കിടക്കുന്നത്. ആ ഒഴിവുകളില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു തൊഴില്‍ അന്വേഷകരെ ഞെട്ടിച്ചുകൊണ്ട് നാലു വര്‍ഷത്തേയ്ക്ക് താല്‍ക്കാലിക സൈനിക സേവനത്തിന് ”അഗ്‌നിപഥ്” എന്ന ഒരു പുതിയ സ്‌കീം പ്രഖ്യാപിച്ചിരിക്കുകയാണ്. ആരും ആഹ്വാനം ചെയ്യാതെ തന്നെ ഹരിയാനയിലും ബീഹാറിലും യുവാക്കള്‍ പ്രതിഷേധവുമായി ഇറങ്ങി. കളക്ടറുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ട്രെയിനുകള്‍ക്കു തീവച്ചു. ട്രാഫിക് തടസ്സപ്പെട്ടിരിക്കുകയാണ്.
ഒട്ടെല്ലാ ദേശീയ പാര്‍ട്ടികളും പുതിയ സ്‌കീമിന് എതിരായി രംഗത്തു വന്നിട്ടുണ്ട്. സിപിഐ(എം) പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയതുപോലെ ”പ്രൊഫഷണല്‍ സേനയെ നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലുള്ള പട്ടാളക്കാരെക്കൊണ്ട് വളര്‍ത്തിയെടുക്കാനാവില്ല. ഇത് പെന്‍ഷന്‍ ലാഭിക്കാനുള്ള ഒരു ഏര്‍പ്പാടാണ്. ഇത് സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തെയും ബാധിക്കും.”
നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞാല്‍ അഗ്‌നിവീരന്മാര്‍ ഭൂരിപക്ഷം പേര്‍ക്കും ജോലി ഉണ്ടാവില്ല. അവര്‍ സ്വകാര്യ സേനകളായി പരിണമിക്കുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തിന് ഇടനല്‍കിയേക്കാം. ഇത് വലിയ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടനല്‍കും.
യുവാക്കള്‍ക്കു നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കാനുള്ള വമ്പന്‍ പരിപാടിയുടെ തുടക്കമാണ് ഇതെന്ന് സംശയിക്കുന്നവരുണ്ട്. സംഘപരിവാര്‍ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ഒന്നാണ് നിര്‍ബന്ധിത സൈനിക സേവനം. നിര്‍ബന്ധിത താല്‍ക്കാലിക സൈനിക സേവനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന് ആര്‍എസ്എസിനു കഴിയും. ഇന്ന് ചില സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുകളില്‍ താല്‍ക്കാലിക കരാര്‍ പട്ടാളക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നു പറയുന്നത് നാളെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും ബാധകമാക്കാം. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന വലിയൊരു പദ്ധതിയാണ് അഗ്‌നിപഥ് പ്രഖ്യാപനം വഴി നടപ്പിലാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

”രാജ്യം കത്താന്‍ അനുവദിക്കരുത്, അഗ്നിപഥ് പിന്‍വലിക്കുക,രാജ്യത്തെ രക്ഷിക്കുക…”:പി കെ ശ്രീമതി ടീച്ചര്‍

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ടീച്ചര്‍. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീമതി ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

”കേന്ദ്ര സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുക ‘അഗ്‌നിപഥ്’ പിന്‍വലിക്കുക.
വടക്കേ ഇന്ത്യ കത്തുന്നു, ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് പെന്‍ഷന്‍ പോലും കൊടുക്കില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹം. അഗ്‌നിപഥത്തെ നേരിടാന്‍ അഗ്‌നി തന്നെ യുവാക്കള്‍ ആയുധമാക്കുന്നു. രാജ്യം കത്താന്‍ അനുവദിക്കരുത് ഉടനെ അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക. രാജ്യത്തെ രക്ഷിക്കുക.”

രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ‘രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും അഗ്നിപഥ് പദ്ധതിക്കെതിരെ ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചിരുന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ കരാര്‍ തൊഴിലാളികളായി യുവജനങ്ങളെ അതിര്‍ത്തിയിലേക്ക് ക്ഷണിക്കുകയാണ്. നാല് വര്‍ഷത്തെ കരാര്‍ തൊഴില്‍ കൊണ്ട് സൈന്യത്തിന് എന്ത് കാര്യക്ഷമതയാണ് ലഭിക്കുകയെന്നും, സായുധ സേനയിലെ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും തകര്‍ക്കുകയാണ് ഈ നയം ചെയ്യുകയെന്നും, സ്ഥിരം തൊഴില്‍ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയാണിതെന്നും സ്വജീവന്‍ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകര്‍ക്കുകയാണ് ഈ കരാര്‍വല്‍ക്കരണത്തിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തുടങ്ങിയ നിരവധി വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel