Agnipath;’തൊഴിലില്ലാത്ത ചെറുപ്പക്കാരെ തന്റെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ് മോദി’; ആനി രാജ

തൊഴിലില്ലാത്ത ചെറുപ്പക്കാരെ തന്റെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ് മോദി . മോദിയുടെ ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് പുതിയ തലമുറയെന്ന് അഗ്നിപഥ് വിഷയവുമായി ബന്ധപ്പെട്ട് സി പി ഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ കൈരളിന്യൂസിനോട് പ്രതികരിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മയുടെകാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതിന് പകരം ഇത്തരത്തിൽ ആർ എസ് എസിന് വേണ്ടി തീരുമാനങ്ങളെടുത്താൽ രാജ്യത്തെ ചെറുപ്പക്കാർ ഇത്തരത്തിലാവും പ്രതികരിക്കുകയെന്നും ഇത് നരേന്ദ്രമോദി സർക്കാരിനും കേന്ദ്രത്തിനും ഒരു പാഠമാണെന്നും ആനി രാജ പ്രതികരിച്ചു.

നാലുവർഷത്തെ ആയുധപരിശീലനവും മറ്റ് ട്രെയിനിങ്ങുകളും കൊടുത്തുകൊണ്ട് നാല് വർഷത്തിനുശേഷം അവരെ പിരിച്ചുവിട്ടാൽ ആർ എസ് എസിന്റെ കേഡർമാരായി അവരെ ഈ രാജ്യത്തുടനീളം ഹിന്ദുരാഷ്ട്രം നടപ്പാക്കുന്നതിനുള്ള വോളണ്ടിയർമാരായി അവരെ ഉപയോഗപ്പെടുത്താമെന്നുള്ള അജണ്ട നടപ്പിലാവില്ലയെന്നും ആനിരാജ വ്യക്തമാക്കി.

മോദി പ്രഭാവത്തിൽ എന്ത് തീരുമാനമെടുത്താലും ജനങ്ങൾ മിണ്ടാതിരിക്കുമെന്നുള്ള തെറ്റിദ്ധാരണയാണ് ഇതോടെ ഇല്ലാതായതെന്നും. മോദിക്കെതിരെ ഇപ്പോൾ രാജ്യത്തെ ചെറുപ്പക്കാർ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രം ഇത് തിരിച്ചറിയണമെന്നും ഇല്ലെങ്കിൽ ഇതിലും വലിയ പ്രതിഷേധാഗ്നിയാവും കാണാൻ സാധിക്കുകയെന്നും ആനി രാജ കൂട്ടിച്ചേർത്തു.

അതേസമയം, അഗ്നിപഥിനെതിരായ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിപഥിനെ ചൊല്ലി വടക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തമാണെങ്കിലും ഇതുവരെ തെക്കേ ഇന്ത്യയെ ബാധിച്ചിരുന്നില്ല.

വടക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബിഹാറിൽ ഇന്നും ട്രെയിനുകൾ കത്തിച്ചു. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾക്ക് തീയിട്ടു. രണ്ട് സ്റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലഖിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും വിക്രംശില എക്സ്പ്രസിനുമാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക‍്‍സർ, ലഖിസരായി, ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും അക്രമികൾ തീയിട്ടു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News