മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ നടന്നത് വധശ്രമം തന്നെ: ഇ പി ജയരാജന്‍|E P Jayarajan

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ നടന്നത് വധശ്രമം തന്നെയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. കള്ളക്കടത്ത് കേസ് പ്രതിയെ മാതൃകയാക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് മാറുകയാണ്. കേരളവികസനത്തെ മുരടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ലോക കേരള സഭ ബഹിഷ്‌കരിച്ച് പ്രവാസികളെ ആക്ഷേപിച്ച് സ്വയം ചെറുതാകുകയാണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായി നടത്തിയ അന്യോന്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന വിവരം പുറത്തുവരുമ്പോള്‍ അതിന് പിന്നില്‍ നടന്ന ആസൂത്രണവും വ്യക്തമാകുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയെന്ന് കൈരളി ന്യൂസിനോട് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ വ്യക്തമാക്കി. വിമാനം പറക്കുമ്പോള്‍ പലതവണ അക്രമികള്‍ ടോയ്ലറ്റില്‍ പോകാന്‍ എന്ന വ്യാജേന പിന്നിലേക്ക് വന്നിരുന്നു. സേഫ്റ്റി ബെല്‍റ്റ് അഴിക്കാനുള്ള നിര്‍ദേശം വരുന്നതിനു മുമ്പേ അവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു. പിന്നീടായിരുന്നു ആക്രമിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടവര്‍ ഇരച്ചെത്തിയതെന്നും കൈരളി ന്യൂസ് അന്യോന്യത്തില്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.

അക്രമശ്രമത്തെ ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കേസില്‍ പ്രതി ചേര്‍ക്കണം. വികസനം ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്തത് കൊണ്ട് കോണ്‍ഗ്രസ് കള്ളക്കടത്തുകാരെയും കൊട്ടേഷന്‍ സംഘങ്ങളെയും വാടക കൊലയാളികളെയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. വികസന വിഷയത്തിലാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തോട് മത്സരിക്കേണ്ടത്. എന്നാല്‍, കേരളത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യം. കെ റെയിലിലും കിഫ്ബിയിലും സാലറി ചലഞ്ചിലും കണ്ട എതിര്‍പ്പ് ലോക കേരള സഭയോടും തുടരുകയാണ്. ഇതിലൂടെ സ്വയം ചെറുതാകുകയാണ് കോണ്‍ഗ്രസെന്നും ഇപി ജയരാജന്‍ നിരീക്ഷിച്ചു. കോണ്‍ഗ്രസ് വിദേശ മലയാളികളുടെ കൂട്ടായ്മ ലോക കേരള സഭയെ പരിഹസിക്കുന്നു, തകര്‍ക്കാന്‍ ശ്രമിക്കുന്നു. വിദേശ നാടുകള്‍ കേരളത്തോട് ആദരവ് കാണിക്കുന്നു. എന്നാല്‍ യുഡിഎഫ് ലോക കേരള സഭ ബഹിഷ്‌കരിക്കുന്നു. ഇതിലൂടെ കോണ്‍ഗ്രസ് സ്വയം ചെറുതാകുകയാണെന്നും ഇ പി പറഞ്ഞു. പണ്ട് വലതുപക്ഷ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടായിരുന്നു. പിന്നീട് അത് തകര്‍ന്നു. അതിപ്പോള്‍ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. വ്യക്തികളെ തേജോവധം ചെയ്യുന്നു, അതിനെ കുറ്റവാളികളെ ഉപയോഗിക്കുന്നു. സര്‍ക്കുലേഷന്റെ അഹങ്കാരം കേരളത്തെ ആക്ഷേപിക്കാന്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നായിരുന്നു ഇ പി വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News