Madhava Warrier: കെ ടി ജലീലുമായി യാതൊരു വ്യക്തിബന്ധവുമില്ല: മാധവവാര്യര്‍ കൈരളി ന്യൂസിനോട്

ഔദ്യോഗിക ബന്ധമൊഴിച്ചാല്‍ കെ ടി ജലീലുമായി(K T Jaleel) തനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് മാധവവാര്യര്‍(Madhava Warrier) കൈരളി ന്യൂസിനോട്(Kairali News) പറഞ്ഞു. കെ ടി ജലീലിന്റെ ബിനാമിയാണ് മാധവ വാര്യര്‍ എന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്‌നയുടെ സത്യവാങ്മൂലം തീര്‍ത്തും അസത്യമാണ്. ഫ്‌ലൈജാക്ക് എന്ന കമ്പനി ഇപ്പോള്‍ തന്റെ പേരിലല്ല. 2010ല്‍ ഹിറ്റാച്ചി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന ജാപ്പനീസ് കമ്പനി വാങ്ങിയിരുന്നു. കമ്പനിയുടെ മുഴുവന്‍ ഷെയറുകളും ഹിറ്റാച്ചിക്ക് കൈമാറിയതാണ്.

അതിനു ശേഷം താന്‍ കമ്പനിയുടെ ഔദ്യോഗികമായ ഒരു പദവിയും വഹിച്ചിട്ടില്ല. അതിനാല്‍ തന്നെ, തന്റെ പേരില്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ ഫ്‌ലൈജാക്ക് കമ്പനിയുമായി സംസാരിച്ചിരുന്നു. അവര്‍ ആരോപണത്തില്‍ പറയുന്നതുപോലെ യാതൊന്നും ഇറക്കുമതി ചെയ്യുകയോ കേരള സര്‍ക്കാരുമായോ കെ ടി ജലീലുമായോ യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്ന് സത്യസന്ധമായി പറഞ്ഞതാണ്. ഔദ്യോഗിക ബന്ധമൊഴിച്ചാല്‍ കെ ടി ജലീലുമായി തനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവുമില്ല.

കൂടാതെ, ഫ്‌ലൈജാക്കിന് HRDS മായി യാതൊരു ബന്ധവുമില്ല. HRDS ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ഇതിന്റെ ഭാഗമായി 4 വര്‍ഷം മുന്‍പ് 1000 വീടുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുമോ എന്ന് HRDS ചോദിക്കുകയായിരുന്നു. തുടര്‍ന്ന്, 3 മാസം കൊണ്ട് 192 വീടുകള്‍ ഞങ്ങളുണ്ടാക്കി. അവസാന ഘട്ടത്തില്‍ HRDS നല്‍കിയത് വണ്ടിച്ചെക്കായിരുന്നു. ഇതിന്റെ ഭാഗമായി തങ്ങള്‍ കേസ് നല്‍കിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ HDRSനെതിരെ നല്‍കിയ കേസാകാമെന്നും മാധവ വാര്യര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സ്വപ്നാ സുരേഷിന്റെ ആരോപണങ്ങൾ അവാസ്തവം ; മാധവ വാര്യർ

സ്വപ്നാ സുരേഷിന്റെ ആരോപണങ്ങൾ തള്ളി മാധവ വാര്യർ.സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം അസത്യമാണെന്നും ദുരുദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രസ്താവനകളിലൂടെ വ്യക്തികളെ തേജോവധം ചെയ്യുന്നവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തി അർഹിക്കുന്ന ശിക്ഷ നേടികൊടുക്കേണ്ടത് അനിവാര്യമാണെന്നും മാധവ വാര്യർ പറഞ്ഞു.

ഫ്ലൈജാക് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകനും എംഡിയുമായിരുന്നുവെങ്കിലും 12 വർഷങ്ങൾക്കു മുൻപ് ജപ്പാനീസ് കമ്പനിയായ ഹിറ്റാച്ചിക്ക് കൈമാറിയെന്നും അത് കൊണ്ട് തന്നെ ഈ കമ്പനിയുമായി ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നും നിലവിലില്ലെന്നും മാധവ വാര്യർ വ്യക്തമാക്കി.

സ്വപ്നാ സുരേഷ് നടത്തിയത് വസ്തുതയില്ലാത്ത ആരോപണങ്ങളാണെന്നും മാധവ വാര്യർ കുറ്റപ്പെടുത്തി.ഫ്ലൈജാക് എന്ന സ്ഥാപനം ഒരിക്കലും കേരള ഗവൺമെന്റിനോ കെ ടി ജലീലിനോ കോൺസുലേറ്റിനോ വേണ്ടി യാതൊരു തരത്തിലുള്ള ലോജിസ്റ്റിക്സ് ഇടപാടുകൾ നടത്തിയിട്ടില്ലെന്നും മാധവ വാര്യർ പറഞ്ഞു.

ഫ്‌ളൈജാക്കിൽ നിന്ന് 2010 ൽ വിരമിച്ച ശേഷം സാമൂഹികവും ആത്മീയവുമായ പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.മുൻ മന്ത്രി കെ ടി ജലീൽ അടക്കമുള്ള മന്ത്രിമാർ എംപിമാർ എംഎൽഎമാർ എന്നിവരെല്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും മാധവ വാര്യർ പറഞ്ഞു.

ഇത്തരം പരിപാടികളെല്ലാം സംഘടിപ്പിക്കുന്നത് സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിലാണെന്നും  മുംബൈയിൽ സ്ഥിര താമസമാക്കിയതുകൊണ്ട് പങ്കെടുക്കുന്ന മന്ത്രിമാരെയോ എംഎൽഎമാരെയോ നേരിട്ടുള്ള ബന്ധം കുറവാണെന്നും മാധവ വാര്യർ വിശദീകരിച്ചു.

ആരോപണം അസത്യമാണെന്നും മാധ്യമങ്ങളും പൊലീസും കോടതിയും സത്യസന്ധമായി അന്വേഷിച്ചു തീരുമാനമെടുക്കണമെന്നും വാര്യർ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News