പ്രധാനമന്ത്രി രാജ്യസുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നില്ല; കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം;അഗ്നിപഥിനെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

(Central Government)കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന (Agnipath)അഗ്നിപഥ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). അഗ്‌നിപഥ് എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കരാര്‍ നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കള്‍ക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നുവെന്ന മട്ടിലാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെന്നും എന്നാല്‍ നാല് വര്‍ഷം കഴിയുമ്പോള്‍ ജോലിയില്ലാത്ത അഗ്‌നിവീരന്മാര്‍ നമ്മുടെ നാട്ടിലുണ്ടാകുമെന്ന സത്യം പെട്ടെന്ന് മറ നീക്കി പുറത്തുവന്നെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് പെന്‍ഷന്‍ പോലും കൊടുക്കില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തേയും ഇത് കാര്യമായി ബാധിക്കും. രാജ്യസുരക്ഷയെക്കുറിച്ച് പോലും പ്രധാനമന്ത്രി ചിന്തിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം പി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

അഗ്‌നിപഥ്: സൈനികരാകാം നാല് വര്‍ഷത്തേക്ക്: അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍ ആയി 45,000 പേരെ നിയമിക്കും… സൈനിക റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍…
ഇത്തരത്തില്‍ ആയിരുന്നു ആദ്യം അഗ്നിപഥിനെക്കുറിച്ച് വന്ന തലക്കെട്ടുകള്‍. അഗ്‌നിപഥ് എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കരാര്‍ നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കള്‍ക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടില്‍ ആണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. പക്ഷെ നാല് വര്‍ഷം കഴിയുമ്പോള്‍ ജോലിയില്ലാത്ത അഗ്‌നിവീരന്മാര്‍ നമ്മുടെ നാട്ടിലുണ്ടാകും എന്ന സത്യം പെട്ടെന്ന് മറ നീക്കി പുറത്ത് വന്നു.

അടുത്ത ഒന്നരവര്‍ഷം കൊണ്ട് പത്തുലക്ഷം സര്‍ക്കാര്‍ ജോലി എന്ന വാഗ്ദാനം മോദിയുടെ തട്ടിപ്പാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. പത്തു ലക്ഷത്തിലേറെ ഒഴിവുകള്‍ ഉള്ളപ്പോള്‍ അവയില്‍ നിയമനം നടത്താതെ കരാര്‍ – താല്ക്കാലിക നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് പെന്‍ഷന്‍ പോലും കൊടുക്കില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹം തന്നെയാണ്.

സൈനിക സേനയില്‍ നാലുലക്ഷം ഒഴിവുകളാണു നികത്താതെ കിടക്കുന്നത്. ആ ഒഴിവുകളില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു തൊഴില്‍ അന്വേഷകരെ ഞെട്ടിച്ചുകൊണ്ട് നാലു വര്‍ഷത്തേയ്ക്ക് താല്‍ക്കാലിക സൈനിക സേവനത്തിന് മാത്രമുള്ളതാണ് ”അഗ്‌നിപഥ്’എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ വടക്കേ ഇന്ത്യ കത്തുകയാണ്. തൊഴില്‍ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാന്‍ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി രാജ്യസുരക്ഷയെക്കുറിച്ച് പോലും ചിന്തിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.

ഒരു യുദ്ധം വന്നാല്‍ എന്ത് ചെയ്യും? സിപിഐ(എം) പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയതുപോലെ പ്രൊഫഷണല്‍ സേനയെ നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലുള്ള പട്ടാളക്കാരെക്കൊണ്ട് വളര്‍ത്തിയെടുക്കാനാവില്ല. ഇത് പെന്‍ഷന്‍ ഒഴിവാക്കാനുള്ള ഒരു ഏര്‍പ്പാടാണ്. ഇത് സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തെയും ബാധിക്കും. യുവ ആര്‍എസ്എസുകാരെ സര്‍ക്കാര്‍ ചിലവില്‍ അര്‍ദ്ധ സൈനികസേനയായി സംഘടിപ്പിക്കാനുള്ള കുറുക്കുവഴിയായി കാണുന്നവരും ഉണ്ട്. നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കാനുള്ള പരിപാടിയുടെ തുടക്കമാണ് ഇതെന്ന് സംശയിക്കുന്നവരുമുണ്ട്. സംഘപരിവാര്‍ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ഒന്നാണ് നിര്‍ബന്ധിത സൈനിക സേവനം. നിര്‍ബന്ധിത താല്‍ക്കാലിക സൈനിക സേവനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന് ആര്‍എസ്എസിനു കഴിയും. ഇന്ന് ചില സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുകളില്‍ താല്‍ക്കാലിക കരാര്‍ പട്ടാളക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നു പറയുന്നത് നാളെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും ബാധകമാക്കാം. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന വലിയൊരു പദ്ധതിയാണ് അഗ്‌നിപഥ് എന്ന ഉല്‍കണ്ഠ പല കോണുകളിലും ഉയരുന്നുണ്ട്. സേനയിലെ റെജിമെന്റുകള്‍ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. ഹ്രസ്വ സര്‍വീസുകള്‍ ഇതിനു വിഘാതം സൃഷ്ടിക്കുന്നു. സമൂഹത്തെ മിലിട്ടറൈസ് ചെയ്യാനും ഇത് വഴി വെച്ചേക്കുമെന്ന ഉല്‍കണ്ഠയും പ്രസക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News