
ലോകം ഇന്റര്‍നെറ്റ്(Internet) ഉപയോഗിച്ചു പഠിച്ച ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(Internet Explorer) ഇനി ഓര്‍മയാവുന്നു. 27 വര്‍ഷത്തെ സേവനത്തിനുശേഷം തങ്ങളുടെ ഏറ്റവും പഴക്കമേറിയ ഇന്റര്‍നെറ്റ് ബ്രൗസര്‍ അടച്ചുപൂട്ടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്(Microsoft).
വിന്‍ഡോസ് 10(Windows 10) പതിപ്പുകളില്‍ 2022 ജൂണ്‍ 15 മുതല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. ഉപയോക്താക്കളോട് പുതിയ വെബ് ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ചതു പ്രകാരം തന്നെ ഇന്നുതൊട്ട് ഡെസ്‌ക്ടോപ്പുകളില്‍ എക്സ്പ്ലോറര്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇതുവഴി സര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചാല്‍ നേരെ മൈക്രോസോഫ്റ്റ് എഡ്ജിലായിരിക്കും എത്തുക.
1995ലാണ് വിന്‍ഡോസ് 95ല്‍ ആഡ്ഓണ്‍ പാക്കേജായി ആദ്യമായി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അവതരിക്കുന്നത്. പിന്നീട് മൈക്രോസോഫ്റ്റ് എക്സ്പ്ലോറര്‍ സൗജന്യമായി നല്‍കിത്തുടങ്ങി. 2003 ആയപ്പോഴേക്കും 95 ശതമാനംവരെയായിരുന്നു ബ്രൗസറിലെ ഉപയോക്താക്കള്‍. എന്നാല്‍, മത്സരംഗത്ത് പുതിയ പോരാളികളെത്തിയതോടെ അതിനൊത്ത് പിടിച്ചുനില്‍ക്കാന്‍ പിന്നീട് മൈക്രോസോഫ്റ്റിനായില്ല.
കൂടുതല്‍ മികച്ച വേഗവും പ്രകടനവും സേവനങ്ങളുമായി ക്രോം അടക്കമുള്ള പുതിയ ബ്രൗസറുകളെത്തി. എന്നാല്‍, അതിനൊത്ത് വേണ്ട അപ്ഡേഷനുകളുമായി കരുത്താര്‍ജിക്കാന്‍ എക്സ്പ്ലോററിനായില്ല. ഇതോടെ വിശ്വസ്തരായ പഴയ ഉപയോക്താക്കളടക്കം ബ്രൗസറിനെ കൈവിട്ടു. അവരെല്ലാം പുതിയ ബ്രൗസറുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ 2016ല്‍ എക്സ്പ്ലോററിലെ പുതിയ അപ്ഡേഷനുകളും മൈക്രോസോഫ്റ്റ് നിര്‍ത്തിവച്ചു.
കൂടുതല്‍ വേഗതയോടെയും മികച്ച ഉപയോക്തൃസൗഹൃദ ഫീച്ചറുകളോടെയും 2015ല്‍ മൈക്രോസോഫ്റ്റ് എഡ്ജ് എന്ന പേരില്‍ കമ്പനി പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ വിന്‍ഡോസ് 10ല്‍ തുടങ്ങിയ ബ്രൗസര്‍ പിന്നീട് മുഴുവന്‍ പ്ലാറ്റ്ഫോമുകളും ലഭ്യമായിത്തുടങ്ങി. എന്നിട്ടും ഇന്റര്‍നെറ്റ് സേവനരംഗത്തെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ കമ്പനിക്കായില്ല.
നിലവില്‍ ഗൂഗിളിന്റെ ക്രോം ആണ് ഇന്റര്‍നെറ്റ് ബ്രൗസറുകളിലെ രാജാവ്. 65 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇപ്പോള്‍ ക്രോമിനെ വിശ്വസിക്കുന്നത്. ആപ്പിളിന്റെ സഫാരിയാണ് ക്രോമിനു പിന്നിലുള്ളത്. 19 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് സഫാരി ഉപയോഗിക്കുന്നതെന്നാണ് കണക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here