Aishwarya: ജോലിയില്ല; തെരുവുതോറും സോപ്പ് വിറ്റ് ജീവിക്കുന്നു; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ

പ്രജ,(Praja) നരസിംഹം(Narasimham) തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ(Mohanlal) നായികയെത്തി മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍(Aishwarya Bhaskar). പില്‍ക്കാലത്ത് സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാല്‍ ഏതാനും നാളുകളായി നടി വെള്ളിത്തിരയില്‍ നിന്ന് പുറത്താണ്. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകള്‍തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഐശ്വര്യ. സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് ഐശ്വര്യ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. 1994ല്‍ തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം നടന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്.

വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ട്’- എന്നും ഐശ്വര്യ തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News