Suzuki intruder: പരീക്ഷണം വിജയിക്കാതെ സുസുക്കി ഇന്‍ട്രൂഡര്‍ നിരത്തൊഴിഞ്ഞു

അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത രൂപവുമായി സുസുക്കി(Suzuji) ഇരുചക്ര വാഹനവിപണിയില്‍ ഒരു പരീക്ഷണത്തിന് തയ്യാറായത്. സുസുക്കി ഇന്‍ട്രുഡര്‍(Suzuki Intruder) എന്ന ക്രൂയിസര്‍ ബൈക്കായിരുന്നു പരീക്ഷണം. വിദേശ രാജ്യങ്ങളില്‍ അതിഭീമന്‍ എഞ്ചിനോടെ വില്‍ക്കുന്ന ടൂറിങ് അഥവാ ക്രൂയിസര്‍ ബൈക്ക് ഡിസൈനെ ഒന്ന് മെരുക്കി 150 സിസിയിലേക്ക് ചുരുക്കിയാണ് സുസുക്കി ഇന്‍ട്രുഡര്‍ ഇന്ത്യയിലെത്തിയത്. ജിക്സറില്‍ ഉപയോഗിക്കുന്ന ആ എഞ്ചിന്‍ പരിചിതമാണെങ്കിലും ആ ഡിസൈന്‍ ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു.

അഞ്ച് വര്‍ഷം നീണ്ടു നിന്ന പരീക്ഷണം പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. ഔദ്യോഗികമായി യാതൊരു അറിയിപ്പുമില്ലാതെ നിശബ്ദമായി ഇപ്പോള്‍ ഇന്‍ട്രുഡറിനെ സുസുക്കി നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഇന്‍ട്രുഡറിനെ പിന്‍വലിച്ചിട്ടുണ്ട്.

ബജാജ് അവഞ്ചര്‍ സീരിസിനോട് മത്സരിക്കാനാണ് ഇന്‍ട്രുഡറിനെ സുസുക്കി അവതരിപ്പിച്ചത്. 2018 ല്‍ വാഹനത്തില്‍ ഫ്യുയല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2020 ല്‍ ബിഎസ് 6 എമിഷന്‍ നിയമങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി എഞ്ചിനില്‍ വീണ്ടും മാറ്റം വരുത്തി. ഇതോടെ പവറിലും ടോര്‍ക്കിലും ചെറിയ കുറവും സംഭവിച്ചു. ഇക്കാലയളവില്‍ മീറ്റര്‍ കണ്‍സോളിലെ ഫീച്ചറുകളിലും മാറ്റം വന്നു. പക്ഷേ വിലയും കൂടി എക്സ് ഷോറൂം 1.30 ലക്ഷത്തിനടുത്തെത്തി. ഇതോടെ പല നഗരങ്ങളിലും വാഹനം പുറത്തിറക്കാന്‍ ഒന്നരലക്ഷം രൂപ വരെ മുടക്കേണ്ടി വന്നതും ഇന്‍ട്രുഡറിന് തിരിച്ചടിയായി. 220 സിസി കരുത്തുള്ള അവഞ്ചറിനേക്കാളും കൂടുതലാണ് ഈ വില എന്നതും സെഗ്മന്റില്‍ ഇന്‍ട്രുഡറിന് തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here