Agnipath : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായി തുടരുന്നു

 സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്റെ ഒന്ന് മുതല്‍ 10 വരെയുള്ള പ്ലാറ്റ്ഫോം പ്രതിഷേധക്കാര്‍ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമാണ് ഇവിടെയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

 അതേസമയം,സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല.

റെയില്‍വേ സ്റ്റേഷന്റെ പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഹൈദരാബാദ് നഗരത്തില്‍ വ്യാപക പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

200 ട്രെയിനുകളെ പ്രതിഷേധം ബാധിച്ചതായി റെയില്‍വേ അറിയിച്ചു. 35 ട്രെയിനുകള്‍ പൂര്‍ണമായും 13 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അഗ്‌നിപഥ് പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. കേന്ദ്ര സേനകളില്‍ പത്ത് ശതമാനം സംവരണവും പ്രായത്തില്‍ ഇളവും നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സി എ പി എഫില്‍ മൂന്ന് വര്‍ഷത്തെ ഇളവും അസം റൈഫിള്‍സില്‍ അഞ്ച് വര്‍ഷത്തെ ഇളവും കേന്ദ്രം പ്രഖ്യാപിച്ചു.

അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു.ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. അതേസമയം അഗ്നിപഥ്(agnipath) പദ്ധതിയില്‍ പ്രതിഷേധിച്ച് ബീഹാറില്‍(bihar) ഇന്ന് ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ.

പദ്ധതി പ്രഖ്യാപിച്ച് മൂന്നാം ദിനവും അതിശക്തമായ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയാവുന്നത്. യുപിയിലും, ബിഹാറിലും,തെലങ്കനായിലും യുവാക്കൾ നിരവധി ട്രെയിനുകൾക്ക് തീവെച്ചു. മധ്യപ്രദേശിലും, ഹരിയാനയിലും പ്രതിഷേധം ശക്തമാണ്.

തെലങ്കാന(telangana)യിൽ 3 ട്രെയിനുകൾക്ക് തീവെച്ചു. സിക്കന്ദരബാദിൽ പ്രതിഷേധകാർക്ക് നേരെ പൊലീസ് വെടിവച്ചു. പൊലീസ് വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുപിയിലെ ബലിയ റെയിൽവേ സ്റ്റേഷനും തകർത്താണ് ട്രെയിന് തീവെച്ചത്.

ആകെ പന്ത്രണ്ട് ട്രെയിനുകള്‍ തീവയ്ക്കുകയും 150 ട്രെയിനുകള്‍ തകര്‍ത്തുവെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു. ബിഹാറിലായിരുന്നു ഏറ്റവും ശക്തമായ പ്രക്ഷോഭം. സമസ്തിപൂരിലും, ലഖിസാരയിലും, ലഖ്മിനിയയിലും, മധേപുരയിലും ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ അക്രമം ഉണ്ടായി.

പ്രതിഷേധനങ്ങളെ തുടർന്ന് നിരവധി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. അലിഗഡില്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനങ്ങളും കത്തിച്ചു.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ നടന്ന പ്രതിഷേധത്തിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ഹരിയാനയിൽ യുവാക്കളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ലാത്തി വീശിച്ചിയതോടെയാണ് കല്ലേറുണ്ടത്.

സംഘർഷത്തെ തുടർന്ന് ഹരിയാനയിലെ പൽവാൾ ജില്ലയിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 110 ട്രെയിനുകള്‍ റദ്ദാക്കി.

അതേസമയം വടക്കെ ഇന്ത്യ മുഴുവൻ പ്രതിഷേധമിരമ്പിയിട്ടും അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന പിടിവാശിയയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ്. ഇതു പ്രയോജനപ്പെടുത്തണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പദ്ധതിക്ക് പ്രധാനമന്ത്രിയോട് നന്ദിയെന്നും പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനണെന്നും അമിത് ഷാ പറഞ്ഞു.

തന്ത്രപ്രധാന സൈനിക സേവനവും കരാർവൽക്കരിച്ച നരേന്ദ്രമോദി സർക്കാരിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തി യുവജനങ്ങള്‍. നാലു വർഷത്തേക്കുമാത്രം യുവജനങ്ങളെ  സൈന്യത്തിലേക്ക് എടുക്കുന്ന അ​ഗ്നിപഥ്  പദ്ധതിക്ക് എതിരെ ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ്‌, ജമ്മു–-കശ്‌മീർ, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന്‌ യുവാക്കൾ തെരുവിലിറങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News