M. A. Yusuff Ali: അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണം, സഹായം അഭ്യര്‍ത്ഥിച്ച് എബിന്‍; വേദിയില്‍ നിന്നു തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ യൂസഫലിയുടെ കോള്‍

ഡോ. എം.എ.യൂസഫലിയെ ലോക കേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ കാണാന്‍ വന്നത് മനസലിയിക്കുന്ന ഒരു ആവശ്യവുമായാണ്. എബിന്റെ അച്ഛന്‍ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. അപകടത്തില്‍ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണം. അതായിരുന്നു പൊതുവേദിയില്‍ എബിന്‍, യൂസഫലിക്കു മുന്നില്‍ വച്ച ആവശ്യം.

നിമിഷങ്ങള്‍ക്കുള്ളില്‍ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയില്‍ നിന്നു തന്നെ യൂസഫലിയുടെ ഫോണ്‍ കോള്‍ ചെന്നു. അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ എബിന്‍ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസം അച്ഛന്റെ ഒരു സുഹൃത്താണ് അപകടവിവരം അറിയിച്ചത്.

ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സില്‍ ബന്ധപ്പെടുകയും അപേക്ഷ നല്‍കുകയും ചെയ്തു. അതിനുശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഫോണ്‍ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് എബിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയത്. ബാബു 11 വര്‍ഷമായി സൗദിയിലായിരുന്നു. മൂന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.m

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News