A A Rahim: അഗ്‌നിപഥ് ആര്‍ക്കുവേണ്ടി – എ എ റഹിം എംപി എഴുതുന്നു

കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ് വിപ്ലവകരമായ പദ്ധതിയെന്നരീതിയില്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് സ്‌കീം രാജ്യമാകെ കലുഷമായ യുവജനസമരങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. നിലവിലെ സായുധസേനാ റിക്രൂട്ട്‌മെന്റ് രീതികളെ പൊളിച്ചുകൊണ്ട് ഇങ്ങനെയൊരു രീതി അവലംബിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത് എന്തിനാണെന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അഥവാ ആരുടെ നേട്ടത്തിനായാണ് അഗ്‌നിപഥ് നടപ്പാക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ഈ പദ്ധതി രാജ്യത്തെ യുവജനങ്ങളുടെ താല്‍പ്പര്യവും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌നാഥ് സിങ്ങിന് ഇന്നലെ കത്തയച്ചിരുന്നു. തൊഴിലില്ലായ്മ കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ സായുധസേനയിലെ സേവനത്തിനു വേണ്ടി പരിശീലനം നടത്തുന്നവരെയാണ് അഗ്‌നിപഥ് ആശങ്കയിലാക്കുന്നത്. ആ ആശങ്കയാണ്, രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുടെ ഭീകരതയാണ് ബിഹാറിലും ഹരിയാനയിലും സമരങ്ങളായും ട്രെയിന്‍ തടയലായും ആത്മഹത്യകളായും പ്രകടമാകുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുപ്രകാരം 2022 ഏപ്രിലില്‍ തൊഴിലില്ലായ്മാ നിരക്ക് മുന്‍മാസങ്ങളില്‍നിന്നും വര്‍ധിച്ച് 7.83 ശതമാനമായി. 2019ല്‍ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും വലിയതോതില്‍ എത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചതാണ്.

എന്താണ് അഗ്‌നിപഥ്

സായുധസേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരേഡുകള്‍ എടുത്തുമാറ്റിയാണ് അഗ്‌നിപഥ് അവതരിപ്പിക്കപ്പെടുന്നത്. ആര്‍മിയിലേക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. തല്‍ഫലമായി 2021ലെ കണക്കുപ്രകാരം 104,653 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ സൈനികര്‍ക്ക് നിലവിലുള്ള തൊഴില്‍ ചട്ടക്കൂട് ഇല്ലാതാകുകയും ഓഫീസര്‍ റാങ്കിന് താഴെയുള്ളവരെ കരസേനയിലെ ജവാന്‍മാര്‍, നാവികസേനയിലെ നാവികര്‍, വ്യോമസേനയിലെ എയര്‍മാന്‍മാര്‍ എന്നിവരെ അഗ്‌നിപഥ് പദ്ധതിയിലൂടെ മൂന്ന് സേവനത്തിലേക്കും റിക്രൂട്ട് നടത്തുകയും ചെയ്യും.

അഗ്‌നിപഥിലൂടെ സായുധസേനയിലെ സ്ഥിരംജോലിയെന്ന ആശയം പതുക്കെ ഇല്ലാതാകും. ഇതുവഴി റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനമൊഴിച്ചുള്ളവര്‍ക്ക് നാലുവര്‍ഷംവരെ മാത്രമേ തൊഴിലെടുക്കാന്‍ സാധിക്കുകയുള്ളൂ. നാലു വര്‍ഷത്തിനുശേഷം പുറത്തുവരുന്നവര്‍ക്ക് പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങളില്ല. തൊഴില്‍ കാലയളവില്‍ വേതനത്തില്‍നിന്ന് പിടിച്ചുവയ്ക്കുന്ന തുകയും സര്‍ക്കാരിന്റെ പങ്കും ചേര്‍ത്ത് ഒറ്റത്തവണയായി നല്‍കുന്ന തുക മാത്രമാണ് ആനുകൂല്യം. ഇതുവരെ, സൈനികന് ഏകദേശം 17 വര്‍ഷംവരെ ജോലി സുരക്ഷിതത്വമുണ്ടായിരുന്നു. അതിനുശേഷം പെന്‍ഷന്റെ ആശ്വാസവും തനിക്കും കുടുംബത്തിനും സബ്സിഡിയുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമായിരുന്നു. സൈനികന്‍ യുദ്ധത്തില്‍ മരിച്ചാല്‍, കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കും. അഗ്‌നിപഥ് ഈ ആനുകൂല്യമെല്ലാം ഇല്ലാതാക്കും. പുതിയ പദ്ധതിപ്രകാരം സര്‍വീസിലിരിക്കെ അഗ്‌നിപഥ് സൈനികന്‍ മരിച്ചാല്‍ കുടുംബത്തിന് ഇന്‍ഷുറന്‍സ്, എക്‌സ്‌ഗ്രേഷ്യ, ബാക്കി ശമ്പളം എന്നിവയുള്‍പ്പെടെ ഒരു കോടി രൂപ ലഭിക്കും. എന്നാല്‍, ഇത് ഒറ്റത്തവണയായിരിക്കും. തൊഴിലുകളുടെ കരാറുവല്‍ക്കരണം ഏതു മേഖലയിലാണെങ്കിലും തൊഴിലാളികളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും അവകാശങ്ങള്‍ക്കും അത്യന്തം അപകടകരമാണ്. ഈ പദ്ധതിയിലൂടെ മറ്റനേകം മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ച കരാറുവല്‍ക്കരണം സായുധസേനകളിലേക്കും കേന്ദ്രം വ്യാപിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ക്കു മുന്നോടിയായി പരീക്ഷണപദ്ധതികള്‍ സാധാരണമാണ്. എന്നാല്‍, ഇവിടെ നടന്നിട്ടില്ല.

സായുധസേനയില്‍നിന്ന് വിരമിക്കുന്നവര്‍ക്കു നല്‍കുന്ന പെന്‍ഷന്‍ സര്‍ക്കാരിന് വലിയ ബാധ്യതയാണെന്നും അതില്‍നിന്ന് രക്ഷ നേടാനുള്ള ഉപാധിയെന്നരീതിയിലാണ് അഗ്‌നിപഥ് നടപ്പാക്കുന്നതെന്നുമാണ് അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദഗതി. എന്നാല്‍, സുപ്രധാനമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന മേഖലയില്‍നിന്ന് ചെലവ് വെട്ടിച്ചുരുക്കിയാണോ സാമ്പത്തികലാഭം ഉണ്ടാക്കേണ്ടതെന്ന ചോദ്യത്തിനു മറുപടി തരണം. ഉദാഹരണത്തിന് ഓരോ ബജറ്റും അവതരിപ്പിക്കുമ്പോള്‍ വലിയ ശതമാനം കോര്‍പറേറ്റ് നികുതിയാണ് ഇളവ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നികുതിയിളവ് അവസാനിപ്പിക്കുന്നതാകില്ലേ സേനകളിലെ ചെലവ് വെട്ടിച്ചുരുക്കുന്നതിനേക്കാള്‍ ഉത്തമം. ബിജെപി സര്‍ക്കാര്‍ വര്‍ഷങ്ങളായി അവരുടെ രാഷ്ട്രീയ നയമെന്നോണം നടപ്പാക്കുന്ന നിയോ ലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഈ നീക്കത്തെ കാണാന്‍ സാധിക്കുകയുള്ളൂ. ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, റെയില്‍വേ എന്നീ മേഖലകള്‍ക്കൊപ്പം സ്വകാര്യവല്‍ക്കരണ സമീപനം സായുധസേനയിലേക്കും അവതരിപ്പിക്കപ്പെടുകയാണ്.

ഓരോ വര്‍ഷവും മറ്റു ജോലികള്‍ തേടേണ്ടിവരുന്ന 35,000 തൊഴിലില്ലാപ്പടയെ സൃഷ്ടിക്കുന്നതിലും കാലക്രമേണ സമൂഹത്തെ സൈനികവല്‍ക്കരിക്കുന്നതിനും ഈ നയം കാരണമാകും. സായുധസേനാ പരിശീലനം ലഭിച്ച ഒരു വലിയ സംഘം ഓരോ വര്‍ഷവും ഇങ്ങനെ സമൂഹത്തിലേക്ക് പുറന്തള്ളപ്പെടുമ്പോള്‍ അത് സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ. നമ്മുടെ പരമാധികാരത്തെ സംരക്ഷിക്കുന്ന സേനകളുടെ ധാര്‍മികതയെയും പ്രൊഫഷണലിസത്തെയും നയം ഗുരുതരമായി ബാധിക്കും. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സുരക്ഷിതവും ദീര്‍ഘകാലവുമായ തൊഴിലവസരം നല്‍കിപ്പോരുന്ന മേഖലകൂടിയാണ് ഈ പദ്ധതിയിലൂടെ ആക്രമണം നേരിടുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് വിലയ്ക്കുവാങ്ങാവുന്ന ആയുധപരിശീലനം ലഭിച്ച ഒരുകൂട്ടം തൊഴിലില്ലാ പട്ടാളക്കാരെക്കൂടിയാണ് ഈ പദ്ധതി സൃഷ്ടിക്കാന്‍ പോകുന്നത്. ഈ ആശങ്കകള്‍ സേനകളില്‍ ചേരാന്‍ ശ്രമിക്കുന്ന യുവാക്കള്‍ മാത്രമല്ല പങ്കുവയ്ക്കുന്നത്. സേനകളില്‍ പ്രവര്‍ത്തിക്കുന്നവരും റിട്ടയര്‍ ചെയ്തവരുമായ വലിയ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇതേ ഭയാശങ്കകളുണ്ട്.

അഗ്‌നിപഥ് സ്‌കീമിനെതിരെ അഖിലേന്ത്യാ തലത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വംനല്‍കുന്ന സമരപരിപാടികള്‍ മുന്നോട്ടുപോകുകയാണ്. ഇടതുയുവജന- വിദ്യാര്‍ഥി സംഘടനകളെയാകെ ഏകോപിപ്പിച്ച് ശക്തമായ സമരത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കും. ഏതു തരത്തിലാണോ ഐതിഹാസികമായ കര്‍ഷകസമരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയോ ലിബറല്‍ കാര്‍ഷിക ബില്ലുകളെ മുട്ടുകുത്തിക്കാന്‍ ആയത്, അതേ രീതിയില്‍ ഈ സ്‌കീമും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഒപ്പംതന്നെ കാലാകാലങ്ങളായി തങ്ങളുടെ രാഷ്ട്രീയ കുത്തകയായി ബിജെപിയും ആര്‍എസ്എസും ഉപയോഗിച്ചുവരുന്ന രാജ്യസുരക്ഷ, രാജ്യസ്‌നേഹം എന്നീ വാദങ്ങളെല്ലാം അവരുടെ പൊയ്മുഖങ്ങള്‍ ആണെന്നും സായുധസേനകളെയും അവര്‍ വില്‍പ്പനച്ചരക്കായി മാത്രമാണ് കാണുന്നതെന്നും ജനങ്ങള്‍ക്ക് വ്യക്തമാകും. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനും യുവജനതയുടെ താല്‍പ്പര്യങ്ങളെ ചേര്‍ത്തുപിടിക്കാനും കര്‍ത്തവ്യബോധമുള്ള ജനങ്ങള്‍ യോജിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here