ഭക്ഷണം നല്‍കുന്നതാണോ ദൂര്‍ത്ത്?; ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് എം.എ.യൂസഫലി

ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂസഫലിയുടെ വാക്കുകള്‍

ലോകത്ത് എന്തു പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. എല്ലാ പ്രശ്‌നങ്ങളുടെയും തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടതു നമ്മളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് ഇവിടെ കേരളത്തില്‍ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോള്‍ പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.

നിക്ഷേപം നടത്തുന്നതിനു നമുക്ക് സുരക്ഷിതത്വം കുറവാണ്. രാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപങ്ങള്‍ക്കു സുരക്ഷാ കരാറുകളുണ്ട്. ഇന്ത്യയും യുഎഇയും തമ്മില്‍ ഇങ്ങനെ കരാറുള്ളത് ഉദാഹരണമാണ്. എന്നാല്‍ വളരെ കഷ്ടപ്പെട്ട്, മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും ജീവിച്ച്, ഇവിടെ നിയമപ്രകാരമുള്ള അനുമതികളോടെ എന്തെങ്കിലും കെട്ടിപ്പൊക്കി കഴിയുമ്പോഴാണു സ്റ്റോപ് മെമ്മോ വരുന്നത്. ഒരുപാടാളുകള്‍ക്ക് അനുഭവമുള്ള കാര്യമാണിത്.

ഇതിനര്‍ഥം, നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ ഇവിടെ ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ഇല്ലെന്നതാണു സത്യം. പ്രയാസപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് വിഷമിക്കുകയാണ്. ഇതില്‍ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവര്‍ നിയമമാണു നോക്കുന്നത്. നിയമങ്ങള്‍ മാറ്റപ്പെട്ട്, ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ കരാര്‍ നമുക്ക് ആവശ്യമാണ്.

പ്രവാസികളോടു വളരെയധികം സ്‌നേഹവും സാഹോദര്യവും കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഇതിനുവേണ്ടി വളരെയധികം പരിശ്രമിക്കുകയും അനുമതികളെല്ലാം വേഗത്തിലാക്കാന്‍ സാഹചര്യമുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തു. പ്രവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ നടപ്പിലാക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനായി ചട്ടക്കൂട്ട് തയാറാക്കണമെന്നാണ് എന്റെ അഭിപ്രായം.

വെള്ളിയാഴ്ചത്തെ സമ്മേളനത്തില്‍ പ്രതിപക്ഷം പങ്കെടുത്തിട്ടില്ല. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യാസം പാടില്ല. ധൂര്‍ത്തിനെപ്പറ്റിയാണു പറയുന്നതെങ്കില്‍, സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ ഇവിടെയെത്തിയത്. അവര്‍ക്കു താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്ത്? ഭക്ഷണം തരുന്നതാണോ ധൂര്‍ത്ത്? കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്? ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പെരുപ്പിച്ച് പ്രവാസികളുടെ മനസ്സിനെ ദുഃഖിപ്പിക്കരുത് എന്നുകൂടി ഈയവസരത്തില്‍ പറയുകയാണ്.

കെഎംസിസിയുടെ ഭാരവാഹികളെല്ലാം ഇവിടെയുണ്ട്. അവരോടു ഞാന്‍ ചോദിച്ചു, നിങ്ങളുടെ നേതാക്കള്‍ ഇവിടെയില്ലല്ലോ എന്ന്. അണികളോടു പങ്കെടുക്കാനാണു നിര്‍ദേശമുള്ളത് എന്നായിരുന്നു മറുപടി. അണികളുണ്ടെങ്കിലല്ലേ നേതാക്കളുള്ളൂ എന്നാണ് ഞാന്‍ പറഞ്ഞത്. ഈ പരിപാടിയില്‍ നിങ്ങള്‍ വ്യത്യാസം കാണിക്കാന്‍ പാടില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ നേതാക്കളുമില്ല. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

5 മുഖ്യമന്ത്രിമാരുമായി കൊച്ചി വിമാനത്താവള ബോര്‍ഡില്‍ ഇരുന്നയാളാണു ഞാന്‍. കെ.കരുണാകരനാണു കൊച്ചി വിമാനത്താവളത്തിനു തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഉദ്ഘാടനം ചെയ്തതാകട്ടെ ഇ.കെ.നായനാരാണ്. ബിജെപിയുടെ കേന്ദ്ര വ്യോമയാന മന്ത്രിയാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. വികസനത്തിനായും പ്രവാസികള്‍ക്കായും പാര്‍ട്ടി ഭേദമില്ലാതെ ഇരുകൂട്ടരും യോജിപ്പോടെ പ്രവര്‍ത്തിച്ചതിനാലാണ് ഇതു സാധ്യമായത്. ആ വിമാനത്താവളം കൊണ്ട് ഏറ്റവുമധികം ഗുണം കിട്ടുന്നതും പ്രവാസികള്‍ക്കാണ്. ലണ്ടനില്‍നിന്ന് നേരിട്ടു കൊച്ചിയിലേക്ക് ഇപ്പോള്‍ വിമാനമുണ്ട്.

അനാവശ്യമായി വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എല്ലാത്തിനെയും നെഗറ്റീവായി കാണുന്ന ഒരു വിഭാഗം ആളുകളുണ്ട്. മുഖ്യധാര മാധ്യമങ്ങളല്ല ഇതിനു പിന്നില്‍. തെറ്റുമാത്രം കണ്ടുപിടിക്കുന്ന ചില സമൂഹമാധ്യമ ആളുകളുണ്ട്. അവരെന്തൊക്കെയോ എഴുതുകയാണ്. എന്നെപ്പറ്റിയും എഴുതാറുണ്ട്. ഇതൊന്നും വായിക്കാത്തതിനാല്‍ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. ഉള്ളതും ഇല്ലാത്തതും എഴുതുകയാണ്. അവര്‍തന്നെ കഥയില്‍നിന്നും കഥകള്‍ സൃഷ്ടിക്കുന്നു. എന്നിട്ടു മാനസികമായി ഉപദ്രവിക്കാനാണു നോക്കുന്നത്. ഇതിലപ്പുറം കണ്ടതിനാല്‍ നമുക്കിതില്‍ വിഷമമില്ല.

ഇങ്ങനെയുള്ളവരാണ് ലോക കേരള സഭയില്‍ ധൂര്‍ത്താണ് എന്നും മറ്റും എഴുതുന്നത്. ഇതാണോ ധൂര്‍ത്ത്? 4 കോടി രൂപയാണ് ചെലവ് എന്നു പറയുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരാരും സംഭാവന നല്‍കാന്‍ കഴിവില്ലാത്തവരല്ല. ഒരു സര്‍ക്കാര്‍ നമ്മളെ വിളിക്കുന്നു, അന്തസ്സോടെ ഇവിടെ ഇരുത്തുന്നു, മന്ത്രിമാരും വന്നിരിക്കുന്നു, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു, എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുന്നു. അതൊക്കെ നമുക്കു കിട്ടുന്ന വലിയ ബഹുമതികളാണ്.

പല രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇവിടെ വന്നിട്ടുണ്ട്. ഇവിടെയുള്ളവരില്‍ രാഷ്ട്രീയമായി പല രീതിയില്‍ വിശ്വസിക്കുന്നവരുണ്ടാകും. പക്ഷേ, പ്രവാസികളുടെ കാര്യത്തില്‍ നമ്മള്‍ യോജിക്കണം. ഒരിക്കല്‍ ഞാന്‍ ആഫ്രിക്കയില്‍ ചെന്നപ്പോള്‍, ഉത്തരേന്ത്യക്കാരനായ വലിയൊരു വ്യാപാരിയുമായി ചായ കുടിച്ചു സംസാരിച്ചു. ‘എന്റെ ശരീരം കെനിയയിലാണ്, എന്റെ ധനം ലണ്ടനിലാണ്, എന്റെ മനസ്സ് ഹിന്ദുസ്ഥാനില്‍ ആണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ഹിന്ദിയില്‍ത്തന്നെ പറഞ്ഞു: ‘ഞങ്ങളുടെ ശരീരവും ധനവും മനസ്സും എല്ലാം കേരളത്തിലാണ്’. ഇങ്ങനെ ചിന്തിക്കുന്നവരാണു പ്രവാസികള്‍.

പ്രവാസികളുടെയും വികസനത്തിന്റെയും കാര്യത്തില്‍ എല്ലാവരും ഒത്തൊരുമയോടെ പോകണമെന്നാണ് ഇപ്പോഴും എപ്പോഴും പറയാനുള്ളത്. പ്രതിപക്ഷത്തോടു മാത്രമല്ല, ഭരണപക്ഷത്തോടു ചിലതു പറയാനുണ്ട്. ഏതെങ്കിലും കാലത്തു പ്രതിപക്ഷത്തു വന്നാല്‍ നിങ്ങളും ഇങ്ങനെ ലോക കേരള സഭ ബഹിഷ്‌കരിക്കരുത്.

ഇവിടെനിന്നുള്ള നേതാക്കള്‍, അവരേതു പാര്‍ട്ടിയില്‍പ്പെട്ടവരായാലും, അവര്‍ക്കു എല്ലാ സൗകര്യവും വിദേശത്തു നമ്മള്‍ നല്‍കാറുണ്ട്. അത് അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. താമസമായാലും ഭക്ഷണമായാലും അവരെ കൊണ്ടുനടക്കലായാലും കാറായാലും വലിയ സൗകര്യമായാലും അതൊക്കെ ചെയ്യേണ്ടതു ചുമതലയാണു എന്നു കരുതിയാണു ചെയ്യുന്നത്. അതു കുറ്റമല്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഞങ്ങളോട്, ഭക്ഷണം കഴിക്കുന്നു, ധൂര്‍ത്താണ് എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. അതിനാലാണ് എല്ലാവര്‍ക്കുംവേണ്ടി ഞാനിതു തുറന്നു പറയുന്നത്.

ഐടി, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മാനുഫാക്ചറിങ്, ഭക്ഷ്യസംസ്‌കരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവാസി സംരംഭങ്ങള്‍ക്കു വലിയ സാധ്യതയുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. വിദേശ ഇന്ത്യക്കാര്‍ ഏതെങ്കിലും പദ്ധതിക്ക് ഭൂമിയെടുത്താലോ മറ്റു നടപടികള്‍ എടുത്താലോ അപ്പോഴെല്ലാം പ്രശ്‌നങ്ങള്‍ വരും. ഈ സാഹചര്യത്തിലാണ്, സ്ഥിരതാമസക്കാരായ ആളുകളെപ്പോലെ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്കും സമാന നിയമങ്ങള്‍ ബാധകമാക്കുമെന്ന പുതിയ നിയമം കൊണ്ടുവന്നത്.- യൂസഫലി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗള്‍ഫ് ഭരണാധികാരികളെ താന്‍ കാണാന്‍ പോകുന്നതിനെ വിമര്‍ശിക്കുന്നവര്‍ മറ്റു മുഖ്യമന്ത്രിമാര്‍ക്ക് ഒപ്പവും താന്‍ ഇതേ ദൗത്യം നിര്‍വഹിച്ചിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് എം.എ.യൂസഫലി. ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയോടൊപ്പമാണു ഞാന്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പവും ഗള്‍ഫ് ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മുടെ ബന്ധങ്ങളെ സംസ്ഥാനത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാനാണു ശ്രമിക്കുന്നത് – യൂസഫലി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News