Agnipath : അഗ്നിപഥ് പ്രതിഷേധാഗ്നി; തലസ്ഥാനത്ത് രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി

മൂന്ന് സേനകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനായി പുതുതായി ‘അഗ്‌നിപഥ്’ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി നടക്കുകയാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് റാലി നടത്തുന്നത്. ‘അഗ്‌നിപഥ്’ സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

രാവിലെ 9.30-യോടെയാണ് തമ്പാനൂരില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാര്‍ച്ചിലേക്ക് നിരവധിപ്പേരെത്തി. കോഴിക്കോട്ടും അഗ്‌നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. 2021 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായിട്ടായിരുന്നു സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ കേരളത്തില്‍ പലയിടത്തും നടന്നത്.

അഗ്‌നിപഥ് സ്‌കീം നടപ്പാക്കുന്നതോടെ ഇപ്പോള്‍ പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നവരില്‍ ഏതാണ്ട് 90% പേരെങ്കിലും പരീക്ഷയെഴുതാന്‍ അയോഗ്യരാകും. 21 വയസ്സാണ് ആദ്യം പ്രായപരിധി പ്രഖ്യാപിച്ചതെങ്കിലും 23 വയസ്സ് വരെയുള്ളവര്‍ക്ക് അഗ്‌നിപഥ് സ്‌കീമില്‍ ചേരാന്‍ കഴിയുമെന്നാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മെഡിക്കല്‍ – ഫിസിക്കല്‍ പരിശോധനകള്‍ക്ക് ശേഷം എഴുത്തുപരീക്ഷയ്ക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് കേരളത്തിലുള്ളത്. ഇതിനെല്ലാമൊടുവില്‍ ഇനി പരീക്ഷ മാത്രം ബാക്കിയെന്ന സ്ഥിതിയിലാണ് പെട്ടെന്ന് ഈ റിക്രൂട്ട്‌മെന്റുകളെല്ലാം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്‌നിപഥ് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്.

അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിപ്പടരുമ്പോള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വീട്ടില്‍ ഉന്നത തല യോഗം. സേന തലവന്മാര്‍ രാജ്നാഥ് സിംഗിന്റെ വീട്ടില്‍ എത്തി. അഗ്നിപഥ് പ്രതിഷേധത്തില്‍ ബിഹാറില്‍ നടന്ന അക്രമസംഭത്തില്‍ 200കോടിയിലധികം നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5 ട്രെയിന്‍ എന്‍ജിനുകള്‍ പൂര്‍ണമായും നശിച്ചു. 50 കോച്ചുകളും നശിച്ചു.

സൈനിക സേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധിച്ച വാറങ്കൽ സ്വദേശിയായ  പത്തൊമ്പതുകാരൻ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടു.

15 പേർക്ക്‌ പരിക്കേറ്റു. ബിഹാറിൽ വിവിധ സംഘടനകൾ ശനിയാഴ്‌ച ബന്ദ്‌ പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കം വിദ്യാർഥി- യുവജന സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തു.

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല.ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരും.

വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.റെയിൽ ഗതാഗതം സ്തംഭിപ്പിപ്പിച്ചുള്ള ഉദ്യോഗാർഥികളുടെ നിലവിലെ പ്രതിഷേധം തെരുവിലേക്ക് നീങ്ങാനുള്ള സാധ്യത കേന്ദ്രം കാണുന്നുണ്ട്. അതുകൊണ്ടാണ് കൂടുതൽ സുരക്ഷ ഒരുക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

തെലങ്കാനയിൽ പ്രതിഷേധിച്ച നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു. ബി.ജെ.പി ഓഫീസുകൾ ലക്ഷ്യം വെച്ചുള്ള പ്രതിഷേധമാണ് കേന്ദ്രസർക്കാറിന് തലവേദന ഉണ്ടാക്കുന്നത്.

ജില്ലാ കേന്ദ്രങ്ങളിൽ നിരവധി ഓഫീസുകളാണ് പ്രതിഷേധക്കാർ അടിച്ചു തകർത്തത്. പദ്ധതിയിൽ പുനപ്പരിശോധന വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അത്തരം കാര്യങ്ങളിലേക്ക് കേന്ദ്രം കടന്നേക്കില്ല. പകരം ഉദ്യോഗാർഥികൾക്കായി ബോധവൽക്കരണം നടത്താനുള്ള സാധ്യതയുമുണ്ട്.

സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല.

റെയില്‍വേ സ്റ്റേഷന്റെ പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഹൈദരാബാദ് നഗരത്തില്‍ വ്യാപക പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചു.റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

200 ട്രെയിനുകളെ പ്രതിഷേധം ബാധിച്ചതായി റെയില്‍വേ അറിയിച്ചു. 35 ട്രെയിനുകള്‍ പൂര്‍ണമായും 13 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News