Sachi: സച്ചിയില്ലാത്ത 2-ാം വർഷം; ഓർമ്മചിത്രവുമായി പൃഥ്വിരാജ്

കൊവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(sachi)യുടെ വേര്‍പാട്. സൂപ്പര്‍ഹിറ്റ്(superhit) സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സച്ചി വേര്‍പിരിയുന്നത്. മലയാളക്കരയെ ഒന്നടങ്കം നൊമ്പരത്തിലാക്കിയ വേര്‍പാട്,സച്ചി അകാലത്തില്‍ പൊലിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം.

Prithviraj, Sachy to team up again for Jayan Nambiar film | Malayalam Movie  News - Times of India

പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ, തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി. വക്കീല്‍ ജോലിയില്‍ നിന്ന് സിനിമാ ലോകത്തേയ്‍ക്ക് എത്തി സ്വന്തം ഇരിപ്പിടം സ്വന്തമാക്കിയ ചലച്ചിത്രകാരൻ. ‘അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം.

സച്ചിയുടെ ഓര്‍മ്മ ദിവസത്തിൽ പ്രിയ സുഹൃത്തുക്കള്‍ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രണാമം അർപ്പിച്ചു. അയ്യപ്പനും കോശിയും ഷൂട്ടിങ്ങിനിടയിലെ സച്ചിയ്‌ക്കൊപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിട്ടുള്ളത്. ഓർമ്മപ്പൂക്കൾ, സച്ചി … എന്ന വാക്കുകൾക്കൊപ്പം സച്ചിയുടെ ചിത്രം പങ്കുവയ്ക്കുകയാണ് ബിജു മേനോൻ.

എണ്ണപ്പെട്ട സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പായിരുന്നു സച്ചിയുടെ മടക്കം. തിരക്കഥാകൃത്തിന്റെ സര്‍ഗാത്മകതയും സംവിധായകന്റെ കയ്യടക്കവും ഒരുപോലെ സമന്വയിച്ച പ്രതിഭ വിടവാങ്ങിയിട്ട് 2 വര്‍ഷം.

ജനപ്രിയ സിനിമയുടെ സകല ചേരുവകളും ചേരുംപടി ചേര്‍ന്ന കരുത്തും സൗന്ദര്യവുമുള്ള തിരക്കഥകളാണു സച്ചി മലയാളത്തിനു സമ്മാനിച്ചത്. സച്ചിയുടെ ഒരു തിരക്കഥ കിട്ടിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നു ചിന്തിക്കുന്നവരാണു മലയാളത്തിലെ ഭൂരിഭാഗം സംവിധായകരും എന്നതു രഹസ്യമല്ല.

മലയാളത്തിലെ ന്യൂജനറേഷന്‍ പ്രമേയ വിപ്ലവത്തിനിടയിലും എല്ലാ ജനറേഷനെയും ഒപ്പം നിര്‍ത്തി സച്ചി ഹിറ്റുകള്‍ രചിച്ചു.
ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി തുടക്കം. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിവ സംവിധാനം ചെയ്തു. രണ്ടും വലിയ കച്ചവട വിജയങ്ങളായി. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ‘ചേട്ടായീസ്’ നിര്‍മിച്ചു.

Director Sachi very critical after surgery, suffers cardiac arrest - KERALA  - GENERAL | Kerala Kaumudi Online

റണ്‍ ബേബി റണ്‍, രാമലീല, സീനിയേഴ്‌സ്, മേക്കപ്പ് മാന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിവയാണ് ശ്രദ്ധേയചിത്രങ്ങള്‍. കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു. നാടകങ്ങളില്‍ അഭിനേതാവും തിളങ്ങി. അവസാനമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍വിജയമായിരുന്നു.

എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്.

movie director Sachi critical stage സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി  ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ആ സിനിമയുടെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ് ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്‌സ് എന്നിവയുമായതോടെ വാണിജ്യസിനിമ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കുപിന്നാലെയായി.

പക്ഷെ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി.

ജനപ്രിയതയുടെ കഥക്കൂട്ട് | Director Sachi | Manorama News

അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു. ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്‌സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു.

തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. താരത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സിനിമ വന്‍വിജയമായി മാറി. അതേ വര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി.

Sachy: Mohanlal, Mammootty, John Abraham, Prithviraj Sukumaran and other  celebrities mourn the loss of director-scenarist Sachy | Malayalam Movie  News - Times of India

രണ്ടുര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്. തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി.

അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്. എല്ലാ അര്‍ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു ‘അയ്യപ്പനും കോശിയും’. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടമായതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News