പാഠഭാഗങ്ങളില്‍ നിന്നും ഗുജറാത്ത് വംശഹത്യ നീക്കം ചെയ്തേക്കാം; എന്നാല്‍ മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തിലെ മുറിവ് വിസ്മൃതിയിലേക്കാണ്ടു പോകില്ല: മന്ത്രി മുഹമ്മദ് റിയാസ്

2002 ലെ ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ പ്ലസ് ടു പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍സിഇആര്‍ടി നീക്കിയതിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുടെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും. അത് പാഠഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തില്‍ പതിഞ്ഞ ആഴത്തിലുള്ള മുറിവ് വിസ്മൃതിയിലേക്കാണ്ടു പോകുമെന്ന സംഘപരിവാരത്തിന്റെ പ്രതീക്ഷകള്‍ വെറുതെയാണെന്നും മന്ത്രി ഫേസ്ബുക്ക്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മറവികള്‍ക്കെതിരെ ഓര്‍മ്മകളുടെ പോരാട്ടമാണ് രാഷ്ട്രീയം എന്നു പറഞ്ഞത് വിശ്വപ്രസിദ്ധനായ എഴുത്തുക്കാരന്‍ മിലന്‍ കുന്ദേരയാണ്.
അദ്ദേഹം ഇടതുപക്ഷക്കാരനായിരുന്നില്ല.

കിഴക്കന്‍യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ പ്രതിഷേധിച്ചവരില്‍ പ്രധാനിയായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനു വേണ്ടി ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ നിന്നും ഗുജറാത്ത് വംശഹത്യയുടെ പരാമര്‍ശങ്ങള്‍ അടങ്ങിയ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന വാര്‍ത്ത കാണുമ്പോള്‍ കുന്ദേരയുടെ വാക്കുകള്‍ ഓര്‍ക്കാതിരിക്കാനാവില്ല.
‘സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിഭാഗീയമായ വിഭ്രാന്തികള്‍ക്ക് വശംവദമാകാം എന്ന് ഗുജറാത്ത് കലാപം ചൂണ്ടികാണിയ്ക്കുന്നു. ഇത് ജനാധിപത്യ രാഷ്ട്രീയത്തിനു ഭീഷണിയാണ്’

(ഗുജറാത്ത് കലാപത്തെക്കുറിച്ച് NCERT പാഠപുസ്തകത്തിലെ പരാമര്‍ശം)
‘ ഗുജറാത്തിലെ മുഖ്യമന്ത്രിക്ക് ഒരു സന്ദേശം; അദ്ദേഹം രാജധര്‍മ്മം പാലിക്കണം. ഒരു ഭരണാധികാരി തന്റെ പ്രജകള്‍ക്കു നേരേ ജാതി, മത വംശീയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുവാന്‍ പാടുള്ളതല്ല’
( ഗുജറാത്ത് കലാപ സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ വാക്കുകള്‍)
ഗുജറാത്തിലെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്ന മേല്‍പ്പറഞ്ഞ പാഠഭാഗങ്ങള്‍ ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കുകയില്ല. ഗുജറാത്ത് കലാപത്തെ കുറിച്ച് മാത്രമല്ല, മുഗള്‍ ഭരണ സമ്പ്രദായത്തെ കുറിച്ചും ശീതയുദ്ധത്തെ കുറിച്ചുമൊന്നും പുതുക്കിയ NCERT പാഠപുസ്തകങ്ങളില്‍ ഇനി പരാമര്‍ശങ്ങള്‍ ഉണ്ടാകില്ല.

നാളെയുടെ തലമുറയ്ക്ക് തെറ്റും ശരിയും ബോധ്യമാവാനാണ് നാം സാമൂഹ്യ അനുഭവങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുടെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. അത് പാഠഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കാം എന്നാല്‍ മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തില്‍ പതിഞ്ഞ ആഴത്തിലുളള മുറിവ് വിസ്മൃതിയിലേക്കാണ്ടു പോകുമെന്ന സംഘപരിവാരത്തിന്റെ പ്രതീക്ഷകള്‍ വെറുതെയാണ്.
മറവികള്‍ക്കെതിരെ ഓര്‍മ്മകളുടെ വിട്ടുവീഴ്ച്ചകളില്ലാത്ത
നിരന്തര സമരമാണ് രാഷ്ട്രീയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here