‘വര്‍ണശാസനകളെ വെല്ലുവിളിച്ച് സാമൂഹിക പരിവര്‍ത്തനത്തിന് വഴിതെളിച്ച ധീരന്‍’; ഇന്ന് മഹാത്മ അയ്യങ്കാളിയുടെ ചരമദിനം

നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന വര്‍ണശാസനകളെ വെല്ലുവിളിച്ച് സാമൂഹിക പരിവര്‍ത്തനത്തിന് വഴിതെളിച്ച അയ്യങ്കാളിയുടെ 81-ാം ചരമവാര്‍ഷികം ഇന്ന്.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ 1863 ല്‍ ജനിച്ച അയ്യങ്കാളി 1905 ല്‍ സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് ജാതിവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടം തുടങ്ങിയത്. അധഃസ്ഥിത ജനതയ്ക്ക് പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ആദ്യ പോരാട്ടം. ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ മാത്രമുപയോഗിച്ചിരുന്ന വില്ലുവണ്ടിയില്‍ തിരുവനന്തപുരത്തെ പൊതുവഴിയിലൂടെ ‘വില്ലുവണ്ടി യാത്ര’ നടത്തി അദ്ദേഹം ജാതിമേധാവിത്വത്തെ വെല്ലുവിളിച്ചു. എല്ലാ ജാതിക്കാര്‍ക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം ലഭിച്ചതോടെയാണ് ആ സമരം അവസാനിച്ചത്.

അധഃസ്ഥിത വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനായിരുന്നു അടുത്ത പോരാട്ടം. ഒരു വര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായി 1910 ല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിന് അനുമതി ലഭിച്ചു. അധഃസ്ഥിത സ്ത്രീകള്‍ ജാതി ചിഹ്നമെന്നോണം കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ ഉപേക്ഷിക്കാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.1914 ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ ഉജ്വല അധ്യായമായി.

ശ്രീമൂലം പ്രജാസഭയിലേക്ക് 1912 ല്‍ അയ്യങ്കാളി നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1914 മേയില്‍ ‘സാധുജന പരിപാലിനി’ പത്രം തുടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂര്‍ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി ഇതിനു പിന്നിലെ അയ്യങ്കാളിയുടെ പ്രവര്‍ത്തനം മനസ്സിലാക്കി അദ്ദേഹത്തെ വെങ്ങാനൂരില്‍ സന്ദര്‍ശിച്ചു. 1937 ജനുവരി 14ന് ആയിരുന്നു ആ കൂടിക്കാഴ്ച. 1941 ജൂണ്‍ 18 ന് അയ്യങ്കാളി അന്തരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News