പ്രമുഖ വ്യവസായി എം.എ യൂസുഫലിയെ പേരുപറയാതെ രൂക്ഷമായി എതിർത്ത് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി(KM Shaji) നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൻ്റെ ജൽപ്പനങ്ങളായേ കാണാനാകൂവെന്ന് കെ ടി ജലീൽ(KT Jaleel) എംഎൽഎ. മുസ്ലിംലീഗിനും ലീഗിൻ്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നൽകിയ വ്യക്തി വേറെ ഉണ്ടാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാൽ വട്ടപ്പൂജ്യമാകുന്ന വിനു വി ജോൺ ലോക കേരള സഭ നടത്താൻ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീർവാണമടിച്ചത് കണ്ടു. ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകൻ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനൽ മുതലാളിമാരുടെ തറവാട്ടു സ്വത്തിൽ നിന്നല്ല എടുത്തു തരുന്നത്’ കെ ടി ജലീൽ കുറിച്ചു.
തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇമേജായി ചേർത്തിട്ടുള്ള എം.എ യൂസുഫലി ഉൾപ്പടെയുള്ള പ്രവാസികളും അല്ലാത്തവരുമായ വ്യവസായികൾ നൽകുന്ന പരസ്യത്തുകയിൽ നിന്നാണ് വിനുവിന് ശമ്പളം കിട്ടുന്നതെന്നും ആ ഓർമ അൽപ്പൻമാരുടെ തലതൊട്ടപ്പനായ വിനു വി ജോണിന് ഉണ്ടായാൽ നന്നാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
ലോക കേരള സഭയും ഷാജിയും പിന്നെ വിനു വി ജോണും.
ലോക കേരള സഭ ബഹിഷ്കരിച്ച ചിലരുടെ നയത്തെ പ്രമുഖ പ്രവാസി വ്യവസായി ശ്രീ എം.എ യൂസുഫലി സാഹിബ് പരോക്ഷമായി ഇന്നലെ വിമർശിച്ചിരുന്നു. അതിൻ്റെ പേരിൽ അദ്ദേഹത്തെ പേരുപറയാതെ രൂക്ഷമായി എതിർത്ത് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൻ്റെ ജൽപ്പനങ്ങളായേ കാണാനാകൂ.മുസ്ലിംലീഗിനും ലീഗിൻ്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നൽകിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതിൽ വലിയൊരു ശതമാനം യൂസുഫലി സാഹിബിൻ്റെതാണ്. അക്കാര്യം സാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിൻ്റെ ഫണ്ടിംഗ് സോഴ്സ് അറിയുന്ന ഷാജി ഉൾപ്പടെയുള്ള നേതാക്കൾക്കൊക്കെയും അറിയാം.
താനകപ്പെട്ട ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെ തെറി പറഞ്ഞും എം.എ യൂസുഫലിയെ ശകാരിച്ചും പാവം അണികളുടെ കയ്യടി വാങ്ങാമെന്നാണ് എൻ്റെ പഴയ സുഹൃത്ത് ധരിച്ചു വശായിരിക്കുന്നത്. ലീഗിൽ നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ ഷാജി ചെയ്ത കടുംകൈ ലീഗിനെ പ്രതിസന്ധികളുടെ നീർച്ചുഴിയിലേക്ക് വലിച്ചെറിയുമെന്ന് ഉറപ്പാണ്.
ഞാനീ പറഞ്ഞത് സത്യമല്ലെങ്കിൽ ലീഗ് നേതാക്കൾ ഷാജിയെ അനുകൂലിച്ച് രംഗത്ത് വരട്ടെ. കെ.എം.സി.സി ലോക കേരള സഭാ വേദിയിൽ വെച്ചു തന്നെ യൂസുഫലി സാഹിബിനോട് ക്ഷമ ചോദിച്ചത് നാം കേട്ടു. ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് നമുക്ക് കാണാം.
ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാൽ വട്ടപ്പൂജ്യമാകുന്ന വിനു വി ജോൺ ലോക കേരള സഭ നടത്താൻ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീർവാണമടിച്ചത് കണ്ടു.ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകൻ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനൽ മുതലാളിമാരുടെ തറവാട്ടു സ്വത്തിൽ നിന്നല്ല എടുത്തു തരുന്നത്. തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇമേജായി ചേർത്തിട്ടുള്ള എം.എ യൂസുഫലി ഉൾപ്പടെയുള്ള പ്രവാസികളും അല്ലാത്തവരുമായ വ്യവസായികൾ നൽകുന്ന പരസ്യത്തുകയിൽ നിന്നാണ്. ആ ഓർമ അൽപ്പൻമാരുടെ തലതൊട്ടപ്പനായ വിനു വി ജോണിന് ഉണ്ടായാൽ നന്നു. ഏഷ്യാനെറ്റ് മാനേജ്മെൻ്റ് രഹസ്യമായി ചെന്ന് യൂസുഫലിയുടെ കാല് പിടിക്കുന്ന കാഴ്ചക്കും വൈകാതെ നാം സാക്ഷികളാകും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.