ജാതീയതക്കെതിരായ മഹാത്മാ അയ്യങ്കാളിയുടെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തം : മന്ത്രി വി ശിവൻകുട്ടി

ജാതീയതക്കെതിരായ മഹാത്മാ അയ്യങ്കാളിയുടെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തമെന്ന് മന്ത്രി വി ശിവൻകുട്ടി. സവർണാധികാര വഴിയിലൂടെ അവർണരുടെ അവകാശ പോരാട്ടത്തിന്റെ വില്ലുവണ്ടി തെളിച്ച ധീരനായിരുന്നു മഹാത്മാ അയ്യങ്കാളി.

വഴിനടക്കാൻ പോലും അവകാശമില്ലാത്ത അവർണർക്ക് വേണ്ടിയുള്ള പോരാട്ടം കേരള നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വെങ്ങാനൂരിൽ നവോത്ഥാന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള ചരിത്രത്തിലെ ആദ്യ പണിമുടക്കെന്ന് വിലയിരുത്താവുന്ന കർഷക തൊഴിലാളി സമരം അയ്യങ്കാളിയുടെ ധീരതയുടെ പ്രകടനമാണ്. ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ പാടത്ത് പണിക്ക് തൊഴിലാളികൾ ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ കാലമെടുത്തെങ്കിലും സവർണ പ്രമാണിമാർക്ക് വഴങ്ങേണ്ടി വന്നു.

ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കളിയുമൊക്കെ ഉഴുതു മറിച്ചിട്ട മണ്ണിലാണ് നവോത്ഥാന കേരളം പിറവിയെടുത്തത്. നവോത്ഥാന നായകരുടെ വാക്കുകൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണ് ഇത്. ആധുനിക കേരളത്തെ കീഴടക്കാൻ വർഗീയ ശക്തികൾ ഏറെ പരിശ്രമിക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ മറികടന്നു മുന്നോട്ട് പോകാൻ കേരള ജനതക്ക് പ്രാപ്തി നൽകുന്നത് നവോത്ഥാനനായകർ നൽകിയ ഊർജ്ജം ആണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here