MSF പദ്ധതിയുടെ പേരിൽ പി കെ നവാസിന്റെ തട്ടിപ്പും ചൂഷണവും; ഗുരുതര ആരോപണവുമായി ഷഫീക് വഴിമുക്ക്

എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്ക്‌.വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയെന്നാണ് പരാതി. രണ്ട്‌ കോടി രൂപയുടെ സ്കോളർഷിപ്പ്‌ പദ്ധതിയിൽ ക്രമക്കേടുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്‌ നൽകിയ പരാതിയിലുണ്ട്‌‌.

എം എസ് എഫ് പ്രഖ്യാപിച്ച സ്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ കുട്ടികളുടെ പേര് വിവരങ്ങൾ സംഘടന ശേഖരിച്ചത്. സംസ്ഥാന വ്യാപകമായി ഏപ്രിൽ മാസം വിവര ശേഖരണം നടന്നു. ഹബീബ് എജ്യുകെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാർത്ഥികളാണ്‌ രജിസ്റ്റർ ചെയ്തത്‌.

മൂവായിരത്തോളം പേരാണ്‌ എം എസ് എഫ് സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുത്തത്. ഇവർക്കായി സിഎ, സിഎംഎ ഉൾപ്പെടെ നടത്തിയ പരീക്ഷയ്‌ക്കെതിരെ ആദ്യഘട്ടത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. പരീക്ഷാ പേപ്പറിൽ ചോദ്യങ്ങൾക്ക് പുറമെ രണ്ട് വലിയ സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ പരസ്യമുണ്ടായതായിരുന്നു ആദ്യ പരാതിക്ക് കാരണം.

പരീക്ഷക്ക് പിന്നാലെയുള്ള ദിവസം മുതൽ വിദ്യാർത്ഥികളുടെ ഫോണിലേക്ക് കമ്പനികളുടെ ഫോൺ കോൾ ഓഫറുകളടക്കം നിരന്തരമെത്തിയതോടെയാണ് വിവരങ്ങൾ പുറത്ത് പോയതായി മനസ്സിലാവുന്നത്‌‌.ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന അധ്യക്ഷൻ പികെ നവാസിനെതിരെ വൈസ് പ്രസിഡന്റ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്‌ .

പരാതി ലഭിച്ചെങ്കിലും വിഷയത്തിൽ ഇതുവരെ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല.എം എസ് എഫിന്റെ സംസ്ഥാന ട്രഷററും പി കെ നവാസും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ കമ്പനികൾക്ക് കൈമാറിയെന്നും ഇത് ഗുരുതര കുറ്റകൃത്യമാണെന്നും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

പദ്ധതി സംബന്ധിച്ച്‌ സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ ഉൾപ്പെടെ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നും രണ്ട്‌ കോടി രൂപയുടെ പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്നും പരാതിയിലുണ്ട്‌.ഹരിത വിഷയത്തിൽ തുടങ്ങിയ അഭ്യന്തര കലഹങ്ങൾ എം എസ്‌ എഫിൽ വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്‌ പുതിയ പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News