‘പേടിച്ച് മുറിക്കുള്ളില്‍ ഇത്രയും കാലം ശബ്ദം വിഴുങ്ങി പിന്‍വാങ്ങിയ മരപ്പാവകള്‍ ഞങ്ങള്‍’ വിനോദ് വൈശാഖിയുടെ കവിത ശ്രദ്ധേയമാകുന്നു

വായന ദിനത്തോട് അനുബന്ധിച്ച് കവി വിനോദ് വൈശാഖി എഴുതിയ കവിതയുടെ വരികൾ ശ്രദ്ധേയമാകുന്നു

പേടിച്ച് മുറിക്കുള്ളില്‍
ഇത്രയും കാലം
ശബ്ദം വിഴുങ്ങി പിന്‍വാങ്ങിയ
മരപ്പാവകള്‍ ഞങ്ങള്‍

ഗോള്‍മുഖത്തെന്നും ചേലില്‍
പാഞ്ഞെത്തും ഹിഗ്ഗ്വിറ്റയെ
ആഞ്ഞടിക്കുമ്പോള്‍
മുഖം തകര്‍ന്നുവീഴും നമ്മള്‍

പുസ്തകച്ചുരുളിനെ
ടെലസ്കോപ്പാക്കി
ഒന്നിനോടൊന്നുചേര്‍ത്തൊ-
രുമ്മിണി വല്യൊന്നാക്കി ‌
മണ്ടനെന്നാരാനും പേര്‍
വിളിച്ചാല്‍ മടിക്കാതെ
‘മണ്ടയുള്ളവന്‍ മണ്ടന്‍’
തിരുത്തും ധിക്കാരങ്ങള്‍.

സുബൈദ മൈലാഞ്ചിക്ക-
യ്യുമ്മ വച്ചിരിക്കുമ്പോള്‍
കല്ലെറിഞ്ഞാരോ സ്വപ്ന
ക്കൂടിനെ പൊട്ടിക്കുന്നു,
മഴവില്ലേഴാം ക്ലാസിലൊ-
ടിഞ്ഞു വിളിക്കുന്നു,
ഗ്ലോബൊരു ബോംബായ്
ചുവര്‍ചിത്രങ്ങള്‍ ചുവക്കുന്നു.

പാഠത്തിനുള്ളില്‍
തീയും പുകയും വെടിക്കെട്ടും
‘അന്‍വറും ‘മതമെന്ത-
റിയാക്കുട്ടി,’ജീവന്‍’കിട്ടാതെ
ശ്വാസം മുട്ടി-
പേടിച്ചു ‘ലക്ഷ്മീ ദേവി’

പുസ്തകത്തിലെ പുത്ത-
നുത്സവം കാണാത്തവര്‍
പൂത്തിരിയാക്കി
പുറം ലോകത്തെ വിറപ്പിക്കെ,
ചാരത്തിനുള്ളില്‍
കലിയടങ്ങാതുരുകാതെ
ഭാരത പിതാക്കന്മാര്‍
പുസ്തകം തുന്നിച്ചേര്‍ത്തു

ഞങ്ങളും വരാമെന്ന്
ഡസ്ക്കിനോടൊപ്പം ബഞ്ചും
ബോര്‍ഡുകള്‍ തെരുവിലേ-
ക്കിറങ്ങി ഉറയ്ക്കുന്നു ,
പുസ്തകത്തിലെ പുത്ത-
നുത്സവം പൊലിക്കുന്നു,
കാലടി കനലില്‍ തൊട്ടൊ-
ന്നു പിന്‍വലിക്കുവാന്‍
കഴിയാത്തവര്‍ ഞങ്ങള്‍
‘ര ‘യും ‘ക്ഷ ‘യും തേങ്ങി

ഷാജഹാന്‍ മാഷും പാടി
എന്താണ് സ്നേഹം,പണ്ട്
കേശവന്‍ ,സാറാമ്മേടെ
ഹൃദയാകാശത്തേറി-
പ്പറക്കാന്‍ പറഞ്ഞതോ.

‘അ’ യും ‘മ്മ ‘യും
കെട്ടിപ്പുണര്‍ന്ന കാലം നമ്മള്‍,
മാഷിന്റെ വാക്കിന്‍ തുമ്പില്‍
തൊടുത്തൊരമ്പായ് ഞങ്ങള്‍,
മൂഢ പണ്ഡിതന്മാരാല്‍
പരേതന്‍ സിംഹം വീണ്ടും
ജനിച്ചതറിഞ്ഞിന്നും
വ്യസനിപ്പവര്‍ ഞങ്ങള്‍.

ഞങ്ങളാണിന്ത്യ
സ്വാതന്ത്രൃം സമാധാനം
പൂത്തിരി പുല്ലാങ്കുഴല്‍
പാഠവും പാഠങ്ങളും
ഒരു മാമ്പഴക്കാലം
നമ്മള്‍ക്കു സമ്മാനിച്ച
കുഞ്ഞുവൃക്ഷത്തില്‍ ചാരി
നില്‍ക്കണം തണലേല്‍ക്കാന്‍

‘സാ ‘ യും ‘ക്ഷ ‘ യും
ചേര്‍ത്തൊരടച്ച
മുറിക്കുള്ളില്‍
അക്ഷരം കൊത്തി കൊത്തി
‌ഞങ്ങളൊന്നിരുന്നോട്ടെ,
പുറത്തേക്കൊന്നും തല നീട്ടില്ല
സ്നേഹത്തിന്റെ ,
നീലിച്ച മഹാകാശം
വിളിക്കും കാലം വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News