കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ ചിലര്‍ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണെന്നും ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും താന്‍ കാണുന്നില്ലെന്നുമുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി.
തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഫെയ്സ്ബുക്ക് വിഡിയോ സന്ദേശത്തിലൂടെയാണ് താരം തന്റെ നിലപാടുകൾ അറിയിച്ചിരിക്കുന്നത്.
സായി പല്ലവിയുടെ വാക്കുകൾ:
‘‘ഇത് ആദ്യമായായിരിക്കാം ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിങ്ങളുമായി ഞാന്‍ സംസാരിക്കുന്നത്. ആദ്യമായാകും ഹൃദയം കൊണ്ട് സംസാരിക്കുമ്പോള്‍ രണ്ട് മൂന്ന് തവണ ആലോചിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നല്‍കുമെന്ന് ഞാന്‍ പേടിക്കുന്നു. അതിനാല്‍ സംസാരിക്കുന്നത് ദീര്‍ഘമായി പോകുന്നുണ്ടെങ്കില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഏറ്റവും അവസാനം പുറത്തിറങ്ങിയ അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷമാണോ വലതുപക്ഷമോയെന്ന ചോദ്യം ഉയര്‍ന്നു. ന്യൂട്രല്‍ ആണെന്നാണ് ഞാന്‍ സ്വയം വിശ്വസിക്കുന്നത്.വേറെയെന്ത് ഐഡന്‍റിറ്റിയില്‍ അറിയപ്പെടുന്നതിനും മുമ്പ് ആദ്യം നമ്മള്‍ മനുഷ്യനായിരിക്കണം.
എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണം. അഭിമുഖത്തിലേക്ക് കടന്നാല്‍, ഞാന്‍ പറഞ്ഞ രണ്ട് റഫറന്‍സുകളാണ് എനിക്ക് മേല്‍ വലിയ മാനസിക ആഘാതം സൃഷ്ടിച്ചത്. കശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം അതിന്‍റെ സംവിധായകനുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. മൂന്ന് മാസം മുമ്പായിരുന്നു അത്. സിനിമയിലെ ജനങ്ങളുടെ ദുരിതം കണ്ടപ്പോള്‍ ആ സമയത്ത് എന്നില്‍ വലിയ അസ്വസ്ഥതയുണ്ടാക്കി. വംശഹത്യ പോലെയുള്ള കാര്യങ്ങള്‍ അത്ര ചെറിയ കാര്യമല്ല.തലമുറകൾ വരുന്ന ജനങ്ങള്‍ ഇന്നും അതില്‍ നിന്നും മുക്തരല്ല. മുമ്പ് പറഞ്ഞതുപോലെ കോവിഡ് സമയത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഒരിക്കലും പിന്തുണക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വിഡിയോ എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിന്‍റെ പേരിലുള്ള ഏത് അക്രമവും വലിയ പാപമാണ്. ഇത്രയുമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
എന്നാല്‍ ഓണ്‍ലൈനിലുള്ള ഒരുപാട് പേര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോള്‍ വലിയ അസ്വസ്ഥത തോന്നി. മറ്റൊരാളുടെ ജീവനില്ലാതാക്കാനുള്ള അവകാശം ആര്‍ക്കും തന്നെയില്ല. മെഡിക്കല്‍ ബിരുദമുള്ള ആളെന്ന നിലയില്‍ എല്ലാ ജീവനും തുല്യമാണെന്നും എല്ലാ ജീവനും പ്രാധാന്യമുള്ളതാണെന്നും വിശ്വസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്‍റേയോ അവളുടേയോ ഐഡന്‍റിറ്റിയില്‍ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തില്‍ ശരിക്കും ഞാന്‍ പേടിക്കുന്നു. ആ സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ ഏറ്റവും കുറഞ്ഞത് ഞാന്‍ പ്രാർഥിക്കുന്നു. പതിനാല് വര്‍ഷത്തെ എന്‍റെ സ്കൂള്‍ ജീവിതത്തില്‍, എല്ലാ ദിവസവും സ്ക്കൂളിലേക്ക് പോയി- എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്‍മാരാണ്, ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു.അതിന്‍റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു- എന്ന് ചൊല്ലി പാടിയത് ഓര്‍ക്കുന്നു. അതെല്ലാം എന്‍റെ മനസ്സില്‍ ആഴത്തില്‍പതിഞ്ഞിട്ടുണ്ട്.
നമ്മള്‍ കുട്ടികള്‍ പരസ്പരം ജാതി,മതം, സംസ്കാരം എന്നിവയുടെ പേരില്‍ വ്യത്യാസം കല്‍പ്പിക്കാറില്ല. ഏത് സമയവും ഞാന്‍ സംസാരിക്കുമ്പോള്‍ അത് എന്‍റെ നിഷ്പക്ഷ നിലയില്‍ നിന്നാണ് വരുന്നത്. ഞാന്‍ പറഞ്ഞതത്രയും മറ്റൊരു തരത്തില്‍ എടുത്തതില്‍ ശരിക്കും അദ്ഭുതപ്പെടുന്നു. പ്രമുഖരും പ്രശസ്തവുമായ പല ആളുകളും വെബ്സൈറ്റുകളും അഭിമുഖം മുഴുവന്‍ കാണാതെ, അതിലെ യാഥാർഥ്യം തിരിച്ചറിയാതെ, അതിലെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ സങ്കടം തോന്നി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് കൂടെ നിന്ന് പിന്തുണച്ച ആളുകള്‍ക്ക് നന്ദി പറയാന്‍ കൂടി ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. ഒരുപാട് പേര്‍ എനിക്ക് കൂടെ നിന്നത് ശരിക്കും ഹൃദയം നിറക്കുന്നതായിരുന്നു. അവര്‍ക്ക് എന്നെ മനസ്സിലാകുന്നു എന്ന് എനിക്ക് തന്നെ തോന്നി. ഞാന്‍ ഒറ്റയ്ക്കല്ല എന്ന് തോന്നിപ്പിച്ചതിന് ഒരുപാട് നന്ദി.’’–സായി പല്ലവി പറഞ്ഞു.
View this post on Instagram
Get real time update about this post categories directly on your device, subscribe now.