നീ മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ എനിക്കെന്താ എന്ന് ചോദിച്ച് ആ പൊലീസുകാരന്‍ എന്റെ കവിളില്‍ ആഞ്ഞടിച്ചു; ദില്ലി പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അശ്വിന്‍ എഴുതുന്നു

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന (Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരെ (DYFI-SFI)ഡിവൈഎഫ്ഐ-എസ്എഫ്ഐ സംയുക്തമായി ദില്ലിയില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൈരളി ടി വി റിപ്പോര്‍ട്ടര്‍ അശ്വിനെ ദില്ലി പൊലസ് കരണത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദില്ലിയില്‍ രാവിലെ നടന്ന സംഭവങ്ങള്‍ വിശദീകരിക്കുകയാണ് കൈരളി ന്യൂസിന്റെ ദില്ലി റിപ്പോര്‍ട്ടര്‍ അശ്വിന്‍.

അശ്വിന്‍റെ വാക്കുകള്‍ ഇങ്ങനെ:

അഗ്നിപഥ് പദ്ധതിക്കെതിരെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. നോട്ടീസ് നല്‍കിയാണ് ഇന്ന് മാര്‍ച്ച് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത്. ഇപ്രകാരമാണ് രാവിലെ ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഞങ്ങളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതും. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മാര്‍ച്ച് നടത്തുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ല എന്ന് ആരോപിച്ച് ദില്ലി പൊലീസ് എസ് എസ് ഐ മുകേഷ് കുമാര്‍, എ എ റഹീം എം പിയെ തടയുന്ന കാഴ്ചയാണ് കണ്ടത്.

മാര്‍ച്ചില്‍ നിരവധി യൂണിവേഴ്‌സിറ്റികളില്‍ നിന്നായി മുപ്പതോളം വനിതകളുള്‍പ്പെടുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇവരെയെല്ലാം യാതൊരു പ്രകോപനവുമില്ലാതെ ദില്ലി പോലീസ് ആക്രമിക്കുകയായിരുന്നു. മാര്‍ച്ച് നടത്താന്‍ സ്ത്രീകളുണ്ടായിട്ടും വനിതാ പൊലീസുകാര്‍ ഒന്നും തന്നെ എത്തിയിരുന്നില്ല. ദില്ലി പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐ നേതാക്കളെ മര്‍ദ്ദിക്കുകയും എംപിമാരെ ആക്രമിക്കുകയും ചെയ്യുന്നത് ഞാന്‍ കൈരളി ന്യൂസിന് ലൈവ് നല്‍കുന്നുണ്ടായിരുന്നു.

ആക്രമണത്തിന്റെ ഇടയില്‍ പൊലീസുകാര്‍ വനിതാ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതില്‍ ഒരു വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പൂര്‍ണമായും കീറുകയും പകരം ദീപക് എന്ന സഖാവാണ് തന്റെ ഷര്‍ട്ടൂരി അവര്‍ക്ക് നല്‍കിയതും. ഇതെല്ലാം തന്നെ താന്‍ ലൈവില്‍ പറയുന്നുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കോളേജിലെ എന്റെ ജൂനിയര്‍ കൂടിയായ ഒരു വനിതാ പ്രവര്‍ത്തകയെ തന്‍റെ കാല്‍ക്കീഴില്‍ ഇട്ട് പൊലീസ് തല്ലിച്ചതച്ചത്.

ലൈവ് കൊടുക്കുന്നതിനിടയില്‍ ആദ്യം തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വീണ്ടും അവരെ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ താന്‍ അത് ചോദ്യം ചെയ്യുകയായിരുന്നു. പൊലീസ് അവരെ അടിക്കുകയും വയറ്റില്‍ മൂന്ന് നാല് തവണ ചവിട്ടുകയും ചെയ്തിരുന്നു. എന്തിനാണ് അവരെ ഇങ്ങനെ തല്ലിച്ചതയ്ക്കുന്നത് എന്ന് ചോദിച്ച ഉടനെ മുകേഷ് കുമാര്‍ എന്ന എ എസ് ഐ തന്റെ കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ എനിക്കെന്താണെന്നും ചോദിച്ച് വീണ്ടും തന്റെ കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു.

ഇത് കണ്ട് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയതും മറ്റുപൊലീസുകാര്‍ എ എസ് ഐ മുകേശിനെ സംഭവസ്ഥലത്ത് നിന്നും പെട്ടന്ന് മാറ്റുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത്. എന്നാല്‍ മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ മറ്റ് മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സത്യം ഇതാണെന്നിരിക്കെ ആര്‍ എസ് എസ്സിന്റെ മുഖപത്രമായ ജന്മഭൂമിയില്‍ ഈ വാര്‍ത്ത നേരെ വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചത്. ഈ നാണക്കേടിനെ നുണവാര്‍ത്തകള്‍ നിറച്ച സ്വന്തം മുഖപത്രം കൊണ്ട് മറച്ചുപിടിക്കാനാണ് ആര്‍എസ്എസ് ഉദ്ദേശം.

ഇന്ന് ദില്ലിയില്‍ നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിന് നേരെയും ഇതേ നുണപ്രചാരണം തന്നെയാണ് ജന്മഭൂമി നടത്തുന്നത്. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അടക്കം പത്ത് പേര്‍ പങ്കെടുത്ത ഡിവൈഎഫ്ഐ സമരത്തെ പൊലീസ് അടിച്ചോടിച്ചുവെന്നും പൊലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കൈരളി ടിവി റിപ്പോര്‍ട്ടര്‍ അശ്വിന്‍ തല്ല് കൊണ്ട് ഓടിയെന്നുമാണ് ജന്മഭൂമിയുടെ നുണനിര്‍മിതി. എന്നാല്‍ സത്യാവസ്ഥ എല്ലാവരും കൈരളി ന്യൂസ് ലൈവില്‍ കണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News