Varkala: വര്‍ക്കലയില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം

വര്‍ക്കലയില്‍(Varkala) വിവിധ ബീച്ചുകളിലായി തമിഴ്നാട്(Tamil Nadu) സ്വദേശിയായ ഡോക്ടറടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഇടവ ഓടയം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ ദന്ത ഡോക്ടര്‍ ചുഴിയില്‍ പെട്ട് മരണപ്പെട്ടു. തമിഴ്നാട് കോയമ്പത്തൂര്‍ പല്ലടം സ്വദേശി ദന്തഡോക്ടര്‍ അജയ് വിഘ്നേഷ് (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലാശിവരാമന്‍ (23)ന്റെ നില അതീവ ഗുരുതരം. ഞായറാഴ്ച വൈകിട്ട് 4ന് ഓടയം ബീച്ചിലാണ് അപകടം. പാപനാശം കടലില്‍ തിരയില്‍പെട്ട് വര്‍ക്കല രഘുനാഥപുരം സ്വദേശി അജീഷ്(29), കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ആലംകോട് പുതിയ തടം ഡ്രീംമഹലില്‍ മാഹിന്‍ (30) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശികളായ നാല് ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയതായിരുന്നു അജയ്. പാപനാശം മറൈന്‍ പാലസ് റിസോര്‍ട്ടിലായിരുന്നു താമസം. കടലില്‍ കുളിക്കാനെത്തി സുഹൃത്തുകള്‍ കുളി കഴിഞ്ഞു കരയ്‌ക്കെത്തിയ ശേഷം അജയ് വീണ്ടും കുളിക്കാന്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഒപ്പം ബാല ശിവരാമനുമിറങ്ങി. കുളിക്കുന്നതിനിടയില്‍ ഇവര്‍ പെട്ടെന്നുണ്ടായ തിരയില്‍പെട്ട് കടലില്‍ താഴ്ന്നു പോയി. നല്ല ചുഴിയുള്ള സ്ഥലം കൂടിയാണിവിടം. സുഹൃത്തുക്കള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് രണ്ടുപേരെയും കരയ്ക്ക് എത്തിച്ചത്. ആംബുലന്‍സില്‍ ശ്രീനാരായണ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും അജയ് വിഘ്നേഷ് മരണപ്പെട്ടു.

അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരുന്നു. ദന്ത ഡോക്ടര്‍ കൂടിയായ അജയ് വിഘ്നേഷിന് അമ്മയും സഹോദരിയുമുണ്ട്. ഗുരുതര അവസ്ഥയിലുള്ള ബാല ശിവരാമന്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്. മറ്റ്‌സുഹൃത്തുക്കളില്‍ 2 പേര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഒരാള്‍ വിദ്യാര്‍ഥിയുമാണ്.

വൈകിട്ട് 5.45 ഓടെ പാപനാശം ബീച്ചിന് ചേര്‍ന്നുള്ള ഏണിക്കല്ല് കടല്‍ തീരത്ത് സുഹൃത്തിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ അജീഷ് തിരയില്‍ അകപ്പെടുകയായിരുന്നു. ഒപ്പം കുളിച്ചു കൊണ്ടിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കണ്ട് കരയിലേക്ക് കയറുമ്പോഴാണ് കുളിച്ചുകൊണ്ടു നിന്ന അജീഷ് തിരയില്‍പെടുന്നത്. തുടര്‍ന്ന് പ്രദേശത്തെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ച് ശ്രീ നാരായണ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് 6.30 ഓടെയാണ് മാഹീന്‍ മുങ്ങി മരിക്കുന്നത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാഹിന്‍ മുങ്ങിപ്പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലൂടെ ഏഴരയോടെ മൃതദേഹം കണ്ടെടുത്ത് വര്‍ക്കല താലൂക്കാശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here