Health:ഡോക്ടറെ കാണുമ്പോള്‍ എന്തൊക്കെ പറയണം?

വീര്‍പ്പുമുട്ടിക്കുന്ന ആശങ്കയുമായാണ് പലരും ഡോക്ടറെ കാണാന്‍ ആശുപത്രിയിലെത്തുന്നത്. തലകറക്കം, മൂത്രതടസം, വയറ്റില്‍ വേദന… വീട്ടു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോഴാണ് ആശുപത്രിയിലെത്തുന്നത്. എന്നാല്‍ ഡോക്ടറെ നേരില്‍ കാണുമ്പോള്‍ രോഗവിവരങ്ങള്‍ മറക്കും.

ദുശീലങ്ങള്‍ മറച്ചുവയ്ക്കും. കൃത്യമായ രോഗനിര്‍ണയത്തിനും അതുവഴി ശരിയായ ചികിത്സ നിശ്ചയിക്കുന്നതിനും ഡോക്ടര്‍ക്ക് രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചോദിച്ച് അറിയേണ്ടതുണ്ട്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ രോഗവിവരങ്ങള്‍ വിശദീകരിക്കുന്നതില്‍ രോഗികളും ജാഗ്രത പുലര്‍ത്തണം. ഇത് ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അനിവാര്യമാണ്.

പറയേണ്ട കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാം

ഡോക്ടറെ കാണാന്‍ പോകുന്നതിനു മുമ്പുതന്നെ രോഗത്തെക്കുറിച്ചും ഡോക്ടറോട് ചോദിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഡോക്ടറുടെ മുറിക്കു മുന്നില്‍ കാത്തിരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കാം. എന്താം പ്രശ്നമെന്ന് ഡോക്ടറുടെ ആമുഖ ചോദ്യത്തിനുതന്നെ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയണം. അതായത് രോഗിയുടെ ആരോഗ്യപ്രശ്നം വ്യക്തമായും ലഘുവായും വിവരിക്കണം. സ്വയം വിവരിക്കാന്‍ കഴിയില്ലെങ്കില്‍ രോഗിയോടൊപ്പമുള്ളവര്‍ ഡോക്ടറുമായി സംസാരിക്കണം.

രോഗവിവരങ്ങള്‍ മറച്ചുവയ്ക്കരുത്

എപ്പോഴാണ് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്?, ആ സമയം ഉണ്ടായ ബുദ്ധിമുട്ടുകള്‍, അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടറോട് തുറന്നു പറയണം. മറ്റാരും അറിയാന്‍ താല്‍പര്യമില്ലാത്ത വിഷയമാണെന്നതുകൊണ്ട് ഡോക്ടറില്‍ നിന്നും രോഗവിവരങ്ങള്‍ ഒന്നുംതന്നെ മറച്ചുവയ്ക്കാതിരിക്കുക. രോഗ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ശരിയായ രോഗനിര്‍ണയത്തിന് തടസമാവും. അതുകൊണ്ടുതന്നെ ശരിയായ ചികിത്സ ലഭിക്കാതെ വരികയും ചെയ്യും. പല കേസുകളിലും ചികിത്സ ഫലിക്കാതെ വരുന്നതും അപകടം സംഭവിക്കുന്നതും രോഗി രോഗവുമായി ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങള്‍ പലതും മറച്ചുവയ്ക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.

വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നു പറയാം

ഭക്ഷണശീലം, ശാരീരിക പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം, ലൈംഗിക പ്രശ്നങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങള്‍ ഡോക്ടര്‍ ചോദിക്കുന്നമുറയ്ക്ക് തുറന്നു പറയണം.

അലര്‍ജി വിവരങ്ങള്‍ നല്‍കാം

ഭക്ഷണത്തില്‍ നിന്നോ മരുന്നില്‍ നിന്നോ അലര്‍ജി ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറോടു പറയണം. ചില പ്രത്യേകയിനം മരുന്നുകളും ഗുളികകളും ഇന്‍ജക്ക്ഷനുകളും അലര്‍ജിക്ക് കാരണമാകാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്ക് മരുന്നു കുറിക്കാനാകും.

അനാവശ്യ സംസാരം ഒഴിവാക്കാം

രോഗവുമായി ബന്ധമില്ലാത്ത അനാവശ്യ കാര്യങ്ങള്‍ ഡോക്ടറോട് സംസാരിക്കുന്നത് ഒഴിവാക്കുക. ഡോക്ടര്‍മാര്‍ക്ക് ഒരു ദിവസം നിരവധി രോഗികളെ കാണേണ്ടതുണ്ട്. അതായത് ഓരോ നിമിഷവും അവര്‍ക്ക് വിലപ്പെട്ടതാണ്. അതിനാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ഡോക്ടറോട് പറഞ്ഞാല്‍ മതിയാവും. രോഗത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വളരെ ചുരുക്കിപ്പറയാന്‍ ശ്രമിക്കണം. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും അതില്‍ ഉള്‍പ്പെടുത്തുന്നത് സമയനഷ്ടത്തിനു കാരണമാകും. അതോടൊപ്പം മറ്റ് രോഗികളുടെ വിലപ്പെട്ട സമയവും കൂടി നഷ്ടപ്പെടുത്തും.

പരിശോധനകളെക്കുറിച്ച് മനസിലാക്കുക

രോഗത്തിന്റെ ഭാഗമായി പരിശോധന ആവശ്യമാണെങ്കില്‍, അതേക്കുറിച്ച് കൂടുതല്‍ ചോദിച്ച് അറിയുക. പരിശോധന എന്തിനു വേണ്ടിയാണെന്നും, എന്തു ചെലവ് പ്രതീക്ഷിക്കാമെന്നും ഡോക്ടറോട് ചോദിച്ചറിയുന്നത് നന്നായിരിക്കും. അതുപോലെ ഈ പരിശോധന നടത്തുന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ എന്നും ചോദിച്ചറിയുക.

രോഗാവസ്ഥ അറിയുക

രോഗത്തെക്കുറിച്ചും രോഗത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. സംശയമുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ച് സ്വന്തം രോഗത്തിന്റെ അവസ്ഥ മനസിലാക്കണം. മുന്നോട്ടുള്ള ചികിത്സ, ജീവിതം, മരുന്നുപയോഗം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ധാരണ നേടുക.

മരുന്നുകള്‍ കഴിക്കേണ്ട വിധം

മരുന്നു നിര്‍ദേശിക്കുമ്പോള്‍ അത് കഴിക്കേണ്ട സമയവും, ക്രമവും ചോദിക്കാന്‍ മടിക്കരുത്. മരുന്നുകള്‍ എന്തിനു വേണ്ടിയുള്ളതാണെന്നും ഉപയോഗിക്കുമ്പോള്‍ ജീവിത രീതിയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നും ചോദിച്ചറിയണം.

രോഗവിവരം അറിയാവുന്ന ഒരാള്‍ കൂട്ടുണ്ടാവുക

ഒറ്റയ്ക്ക് ഡോക്ടറെ കാണാന്‍ പോകാതിരിക്കുക. രോഗവിവരങ്ങള്‍ പൂര്‍ണമായും അറിയാവുന്ന അടുത്ത സുഹൃത്തിനെയോ കൂടെക്കൂട്ടുന്നത് നന്നായിരിക്കും. ഡോക്ടറുമായി വളരെ അടുത്ത് പെരുമാറാന്‍ ശ്രമിക്കുക. ഡോക്ടറുമായുള്ള നല്ല ബന്ധം ഉണ്ടാക്കിയെടുക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News