Agnipath : അഗ്നിപഥ് റിക്രൂട്ട്‍മെന്‍റ് ; കരസേനാ വിജ്ഞാപനമിറങ്ങി

അഗ്നിപഥ് റിക്രൂട്ട്‍മെൻറിന് കരസേനാ വിജ്ഞാപനമിറങ്ങി. ജൂലൈ മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

പരിശീലനം പൂർത്തിയാക്കുന്നവർ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

അഗ്നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറിൽ സംസ്ഥാന പൊലീസിനും റെയിൽവേ പൊലീസിനും സർക്കാർ ജാഗ്രതാ നിർദേശം നൽകി.

റെയിൽവെ സ്റ്റേഷനുകൾക്ക് കാവൽ വർധിപ്പിച്ചുണ്ട്. യുപിയിൽ ഗൗതം ബുദ്ധ നഗറിൽ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ സ്കൂളുകൾ അടച്ചിടാനാണ് തീരുമാനം.

അഗ്നിപഥുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധം ശക്തമാക്കി യുവാക്കൾ. ഭാരത് ബന്ദിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. 500ലധികം ട്രെയിനുകൾ റദ്ദാക്കി. പൊലീസ് ക്രമീകരണത്തെ തുടർന്ന് ദില്ലി അതിർത്തികളിൽ വൻ ഗതാഗത കുരുക്ക്.

പദ്ധതി പ്രഖ്യാപിച്ചു തുടർച്ചയായ ആറാം ദിനവും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഭാരത് ബന്ദിനെ തുടർന്ന് അതീവ സുരക്ഷയാണ് പഞ്ചാബ്, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ദില്ലിയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണ്. അതിർത്തികളിൽ നിന്നും എല്ലാ വാഹനവും പരിശോധിച്ച ശേഷമാണ് പൊലീസ് ദില്ലിക്കകത്തേക്ക് പ്രവേശനം നൽകുന്നത്. പൊലീസ് ക്രമീകരണത്തെ തുടർന്ന് ദില്ലി ഹരിയാന അതിർത്തിയിലടക്കം മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്.

ഭാരത് ബന്ദ് ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു. 500ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.അഗ്നിപഥുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 35 വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News