Health:സങ്കടക്കടല്‍ മറികടക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…

വേര്‍പാടിന്റെ അല്ലെങ്കില്‍ നഷ്ടങ്ങളുടെ സങ്കടക്കടലില്‍ വീണുപോകാത്തവരായി ആരുമില്ല. മനശക്തികൊണ്ട് അത്തരം പ്രതിസന്ധികളെ ഒറ്റയ്ക്ക് മറികടക്കുന്നവരാണ് ഏറെയും. പക്ഷേ, ചിലര്‍ സങ്കടങ്ങളില്‍ ആകെ തളര്‍ന്നുപോകും. ജീവിതം അവസാനിച്ചതായി അനുഭവപ്പെടും. അവര്‍ ചിലപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടിയെന്നും വരാം. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവൂ. ഇങ്ങനെ സധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതിനായി 10 മനശാസ്ത്രപരമായ കാര്യങ്ങള്‍.

1. മനസിലെ പ്രയാസങ്ങള്‍ ആരോടെങ്കിലും തുറന്നു സംസാരിക്കുന്നത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഏറെ സഹായകമാകും. ആരോടും മിണ്ടാതെ ഒറ്റയ്ക്കിരിക്കുന്നത് മാനസിക സമ്മര്‍ദം കൂടാന്‍ കാരണമാകും.
2. എത്രയും പെട്ടെന്ന് ദിനചര്യകളൊക്കെ സാധാരണ പോലെ ചെയ്തു തുടങ്ങാന്‍ ശ്രമിക്കുക. ചെയ്തുകൊണ്ടിരുന്ന ജോലികള്‍ സാധാരണ പോലെ ചെയ്തു തുടങ്ങുക.

3. അവനവനെയോ കുടുംബാംഗങ്ങളെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്താതിരിക്കുക. നഷ്ടങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് സംസാരിക്കുന്നതും നന്നല്ല. മറിച്ചുള്ള ഏതു സംസാരവും മാനസികാരോഗ്യം തകര്‍ക്കും.
4. മദ്യപാനം, പുകവലി, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഒരു കാരണവശാലും ഈ സമയത്ത് ശീലിക്കരുത്. മാനസിക സമ്മര്‍ദം മറികടക്കാനുള്ള താല്‍കാലിക മാര്‍ഗമായി ഇതുപയോഗിച്ചാല്‍ ഈ ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടേക്കും.

5. നഷ്ടങ്ങളെക്കുറിച്ച് ഒറ്റക്കിരുന്ന് ദീര്‍ഘനേരം ചിന്തിക്കുന്നത് നല്ലതല്ല. കഴിയുന്നതും മറ്റുള്ളവരോട് സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മാനസിക സംഘര്‍ഷം ലഘൂകരിക്കാനും ശ്രമിക്കുക.
6. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെക്കുറിച്ച് ആലോചിക്കാം. രാത്രി കിടക്കുന്നതിനു മുന്‍പ് അന്നു നടന്ന മൂന്ന സന്തോഷകരമായ സംഭവങ്ങളെക്കുറിച്ച്, ഡയറിയില്‍ എഴുതി വയ്ക്കാം. അത് വായിച്ചിട്ട് ‘ എന്റെ ജീവിതം സന്തോഷകരമാണ്’ എന്നു സ്വയം പറയാം.

7. കിടക്കുമ്പോള്‍ കുട്ടിക്കാലത്ത്, പത്ത് വയസിനു മുന്‍പ് സംഭവിച്ച ഏതെങ്കിലും നല്ലൊരു സംഭവത്തെക്കുറിച്ചോര്‍ത്തുകൊണ്ട് മറ്റെല്ലാം മറക്കാന്‍ ശ്രമിക്കാം. അങ്ങനെ മനസിനെ ക്രമമായി ശുഭകരമായ മാനസികാവസ്ഥയിലേക്ക് എത്തിക്കാം.
8. ദീര്‍ഘശ്വസന വ്യായാമങ്ങള്‍ പോലുള്ള റിലാക്സേഷന്‍ ടെക്നിക്കുകള്‍ പരിശീലിക്കാം. കണ്ണടച്ച് മലര്‍ന്നു കിടന്നു മൂക്കിലൂടെ ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മനസില്‍ ഒന്നു മുതല്‍ നാലു വരെയെണ്ണാം. തുടര്‍ന്ന് വായിലൂടെ ശ്വാസം പുറത്തേക്ക് വിടാം. അപ്പോഴും മനസില്‍ ഒന്നു മുതല്‍ 10 വരെ എണ്ണാം. 20 തവണയെങ്കിലും രാത്രിയില്‍ കിടക്കുമ്പോഴും രാവിലെ ഉണരുമ്പോഴും ഇതു ചെയ്യാം.

9. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരില്‍ തുടര്‍ച്ചയായ തലവേദന, കൈകാല്‍ കഴപ്പ്, വയറെരിച്ചില്‍, എന്നിവയൊക്കെ കണ്ടുവരാറുണ്ട്. ഇത്തരം ‘മനോജന്യ ശാരീരിക’ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മേല്‍പ്പറഞ്ഞ റിലാക്സേഷന്‍ രീതികള്‍ പ്രയോജനം ചെയ്യും.
10. തീവ്രമായ വിഷാദം, വിട്ടുമാറാത്ത ഉറക്കക്കുറവ്, കടുത്ത ആത്മഹത്യ പ്രവണത, ചിത്തഭ്രമ ലക്ഷണങ്ങള്‍, അക്രമസ്വഭാവം എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടണം. കൃത്യമായ ചികിത്സയിലൂടെ ഇവയെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും.

കടപ്പാട്:
ഡോ. അരുണ്‍ ബി. നായര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News