ADVERTISEMENT
നടി (Sai Pallavi)സായ് പല്ലവിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ (Prakash Raj)പ്രകാശ് രാജ് രംഗത്ത്. നടിയെ വിഷയത്തില്‍ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു. ‘ആദ്യം മനുഷ്യത്വം… ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയത്. ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ എന്നായിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ഇതേ തുടര്‍ന്ന് നടിയ്ക്ക് നേരെ പല കോണുകളില്‍ നിന്നും സൈബര്‍ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെയാണ് നടി വിഷയത്തില്‍ വിശദീകരണവുമായി എത്തിയത്. ഏത് മതത്തിലായാലും എല്ലാത്തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് വിശ്വസിക്കുന്ന ആളാണ് താനെന്നും എന്നാല്‍ താന്‍ പറഞ്ഞതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുവെന്നും സായ് വിശദമാക്കി.
സായ് പല്ലവിയുടെ വാക്കുകള്‍:
സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ചിന്തിക്കും. കാരണം എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാന്‍ ഇടതിനേയോ വലതിയനോ പിന്തുണക്കുന്നുവെന്ന് ചെയ്യുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നെന്നും വ്യക്തമാക്കിയിരുന്നു. ആദ്യം നമ്മളൊരു നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം.
കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു. തെറ്റിനെ ന്യായീകരിക്കുന്നതാണെന്ന് പറഞ്ഞു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എല്ലാവരുടെ ജീവന്‍ പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്‌കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞത് എന്നില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. കുട്ടികള്‍ ഒരിക്കലും മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ജാതിയുടേയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ല. വളരെ നിഷ്പക്ഷമായി സംസാരിച്ചത് അത്തരത്തില്‍ വ്യാഖ്യാനിച്ചുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ പറഞ്ഞത് മുഴുവനായും മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതൊക്കെ കണ്ടപ്പോള്‍ നിരാശ തോന്നി. ഞാന്‍ പറഞ്ഞ ആ ഭാഗം മാത്രമാണ് പ്രചരിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ എന്താണെന്നോ ബാക്കി എന്താണെന്നോ ആരും കണ്ടിട്ടില്ല. ഈ ഘട്ടില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.