ED; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും; രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണം

നാഷണല്‍ ഹെറൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ.ഡി നാളെയും ചോദ്യംചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം. ഇന്നത്തെ ചോദ്യം ചെയ്യൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

നാലാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

യംങ് ഇന്ത്യ കമ്പനിയിടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന മറുപടിയാണ് ഇന്നത്തെ ചോദ്യം ചെയ്യലിലും രാഹുല്‍ ഗാന്ധി നല്‍കിയതെന്നാണ് സൂചന. അതിനിടെ അന്വേഷണ വിവരങ്ങള്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇ.ഡി ചോര്‍ത്തുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തി.

അതേസമയം, രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഇന്നും പ്രതിഷേധ കാഴ്ചകള്‍ തന്നെയായിരുന്നു ദില്ലിയില്‍. ജന്തര്‍മന്ദിറിലെ സമരസ്ഥലത്തേക്ക് പോകുന്ന പ്രവര്‍ത്തകരെ ദില്ലി പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനും ഉന്തുംതള്ളിനും കാരണമായി. വനിത പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡിന് മുകളിലേക്ക് കയറി പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. ജന്തര്‍മന്ദിറിലെ പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് ജന.സെക്രട്ടറിമാരും, എം.പിമാരും നിരവധി സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here