Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി അജുമോനെ സൗത്ത് പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.ഇയാള്‍ക്കായി പൊലീസ് ഉടന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കുവൈറ്റിലേക്ക് കടത്തി കബളിപ്പിച്ചെന്ന കേസില്‍ കൊച്ചിയിലെ ഏജന്‍സിയുടമ അജുമോനെ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.തട്ടിപ്പിനിരയായ തോപ്പുംപടി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. കൂടുതല്‍പേര്‍ സമാന തട്ടിപ്പിനിരയായതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മജീദിന്‍റെ പങ്കാളിത്തം സംബന്ധിച്ചും യുവതിയും അറസ്റ്റിലായ അജുമോനും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് നിര്‍ധന യുവതികളെ കെണിയില്‍പ്പെടുത്തിയത്. വഴിയോരത്തെ പരസ്യം കണ്ട് ഏജന്‍സിയെ സമീപിച്ച തോപ്പുംപടി സ്വദേശിനി ഉള്‍പ്പടെയുള്ളവരെ വിസിറ്റിങ്ങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കടത്തുകയായിരുന്നു.അറബിയുടെ വീട്ടില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട തോപ്പുംപടി സ്വദേശിനി വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതായി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മജീദ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായും വെളിപ്പെടുത്തിയിരുന്നു.

കുവൈറ്റിലെ മലയാളി സന്നദ്ധ സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വഞ്ചനാ കേസില്‍ ഏജന്‍സിയുടമ അജുമോനെ അറസ്റ്റ് ചെയ്ത പൊലീസ് മുഖ്യപ്രതി മജീദിനെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ്.പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.അജുമോനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.അതേ സമയം മനുഷ്യക്കടത്ത് കുറ്റം ചുമത്തിയ സാഹചര്യത്തില്‍ കേസ് എന്‍ ഐ എ അന്വേഷിച്ചേക്കുമെന്നാണ് വിവരം. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ ഐ എസിനു വില്‍ക്കുമെന്ന്, മജീദ്, തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.ഇതെത്തുടര്‍ന്ന് എന്‍ ഐ എ പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ അജുമോന്‍, നല്‍കുന്ന മൊഴി വിശദമായി പരിശോധിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് എന്‍ ഐ എയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News