KPCC; കോണ്‍ഗ്രസ് പുനഃസംഘടന; കെപിസിസിയുടെ 280 അംഗ പട്ടിക ഹൈക്കമാന്‍ഡ് തള്ളി

കോണ്‍ഗ്രസ് പുനസംഘടനക്കായി കെപിസിസി നല്‍കിയ 280 അംഗ പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ചിന്തന്‍ ശിബര തീരുമാനങ്ങള്‍ പാലിച്ചില്ലെന്ന് എഐസിസി നേതൃത്വം. പട്ടിക അംഗീകരിക്കരുതെന്ന ഒരു വിഭാഗം നേതാക്കളുടെ പരാതി പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ഗ്രൂപ്പ് നേതാക്കള്‍ പരസ്പരം കൂടിക്കാഴ്ച നടത്തി സമവായത്തിലെത്തി. വീതംവയ്പ് നടത്തി 280 അംഗ കെപിസിസി പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൈമാറി. നിലവിലെ കമ്മിറ്റിയിലെ 234 പേരെ നിലനിര്‍ത്തി. പുതുമുഖങ്ങളായ 46 പേരെക്കൂടി ഉള്‍പ്പെടുത്തി 280 പേരുടെ പട്ടികയാണ് കെപിസിസി എഐസിസിക്ക് കൈമാറിയത്. ഫലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പില്ല. കെ.സുധാകരന്‍ അടക്കമുള്ള നിലവിലെ നേതൃത്വം തുടരും. ഇതാണ് കേരളത്തിലെ ഉന്നത നേതാക്കള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ. പക്ഷെ രണ്ടാംനിര നേതാക്കള്‍ ഇടഞ്ഞു.

ടി.എന്‍ പ്രതാപന്‍ എംപി അടക്കമുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എഐസിസി നേതൃത്വം 280 അംഗ പട്ടിക തള്ളി. ചിന്തന്‍ ശിബിരത്തിന്റെ തീരുമാനങ്ങള്‍ പാലിച്ചില്ല,50 വയസില്‍ താഴെയുള്ള അംഗങ്ങളുടെ പ്രതിനിധ്യം കുറവാണ്,ആവശ്യത്തിന് വനിതാ പ്രാതിനിധ്യമില്ല, സാമുദായിക സന്തുലനവും പാലിക്കപ്പെട്ടില്ല തുടങ്ങിയ കാരണങ്ങള്‍ ചുണ്ടിക്കാട്ടിയാണ് ഹൈക്കമാന്‍ഡ് പട്ടിക മടക്കിയതെന്നാണ് വിവരം. സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കി ഉന്നത നേതാക്കള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയാണ് ഇേതാടെ പൊളിഞ്ഞത്. അര്‍ഹരായവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാതെ പട്ടിക അംഗീകരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് ഹൈക്കമാന്‍ഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News