Vijay Babu: നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്സില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കി വിട്ടയക്കണം.

പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു.
ഈ മാസം 27 മുതല്‍ അടുത്ത മാസം 3 വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പ്രതിയെ പോലീസിന് ചോദ്യം ചെയ്യാം.

പരിമിതമായ കസ്റ്റഡി അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 5 ലക്ഷം രൂപയുടെയും 2 പേരുടെ
ആള്‍ജാമ്യത്തിലും വിട്ടയക്കണം. കേരളത്തിന് പുറത്തു പോകരുതെന്നും , പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. ഇരക്കെതിരെ സാമൂഹ്യ മാധ്യമത്തിലടക്കം ഒരു പരാമര്‍ശവും നടത്തരുത്.

കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. ഉഭയസമ്മതപ്രകാരമാണോ ലൈംഗിക ബന്ധമെന്ന് ഈ കോടതി പരിശോധിക്കുന്നില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. അത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് വിചാരണ സമയത്ത് വിചാരണക്കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നും , ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്ക് പിന്നിലെ ലക്ഷ്യം എന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരും അതിജീവിതയും ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നുള്ള പ്രതിയുടെ ഉറപ്പ് കോടതി മുഖവിലക്കെടുത്തു. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസ്സില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News