Aditya Thackeray: ട്വിറ്ററില്‍നിന്ന് മന്ത്രി സ്ഥാനം നീക്കി ആദിത്യ താക്കറെ; മഹാരാഷ്ട്ര സര്‍ക്കാര്‍ രാജി വെച്ചേക്കും

ട്വിറ്ററില്‍നിന്ന്(Twitter) മന്ത്രി സ്ഥാനം നീക്കം ചെയ്ത് ടൂറിസം മന്ത്രി ആദിത്യ താക്കറെ(Adhithya Thackeray). മഹാരാഷ്ട്രയിലെ(Maharashtra) സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ശിവസേന വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെ നീക്കം ശക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ‘മന്ത്രി’ എന്ന വിവരണം നീക്കം ചെയ്തത്. ഇതോടെ, മന്ത്രി സഭ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹം ശക്തിപ്പെട്ടു.

45 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയ ശിവസേന വിമത നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിന്‍ഡെ, സഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ കാണുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഗോവ ഗവര്‍ണറെ കാണുന്നത്. അതേസമയം, മഹാരാഷ്ട്രയുടെ അധിക ചുമതല തങ്ങള്‍ക്ക് ഇല്ലെന്ന് ഗോവ രാജ്ഭവന്‍ വ്യക്തമാക്കി.

ഗുവാഹത്തി റെഡിസന്‍ ബ്ലൂ ഹോട്ടലിലാണ് വിമതസംഘം കഴിയുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് എം.എല്‍.എമാര്‍ അസമിലെ ഗുവാഹത്തിയിലെത്തിയത്. താക്കറെയുടെ ഹിന്ദുത്വയുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഗുവാഹത്തിയില്‍ എത്തിയ ഷിന്‍ഡെ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യ മഹാവികാസ് അഗാഡി സര്‍ക്കാറില്‍ പ്രതിസന്ധി തുടരുകയാണ്. ഹിന്ദുത്വയുടെ പേരില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി സൂറത്തിലെ ലേ മെറിഡിയന്‍ ഹോട്ടലിലേക്കാണ് ആദ്യം മാറിയത്.

ബാല്‍താക്കറെയോട് കൂറുള്ള ശിവസൈനികനായ താന്‍ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിന്‍ഡെ പറയുന്നു. എന്നാല്‍, ശിവസേനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിന്‍ഡെയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.

അതിനിടെ, പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കള്‍ വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെയെ കണ്ട് രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഏക് നാഥ് ഷിന്‍ഡെ പാര്‍ട്ടി എം.എല്‍.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here