ജീവന്‍ കാക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുന്ന കാടത്തത്തിനെതിരെ പ്രതികരിക്കുക: കെ ജി എം ഒ എ

നീണ്ടകര(Neendakara) താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറും, നഴ്‌സുമുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ മൃഗീയമായി ആക്രമിച്ച് ഗുരുതമായ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നതായി കെ ജി എം ഒ എ(KGMOA). മാരകായുധങ്ങളുമായി ആശുപത്രിയിലെത്തിയ അക്രമികള്‍ ആരോഗ്യ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും, അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ നശിപ്പിക്കുകയും അര മണിക്കൂറോളം ആശുപത്രിയില്‍ അഴിഞ്ഞാടുകയും ചെയ്ത ശേഷം രക്ഷപെട്ടത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. മൂന്നു ദിവസം മുന്‍പ് സമാന രീതിയില്‍ ഇതേ അക്രമികള്‍ നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തത് അങ്ങേയറ്റത്തെ അലംഭാവവും അക്രമികള്‍ക്ക് വളം വെച്ചു കൊടുക്കുന്ന അത്യന്തം നിന്ദ്യമായ സമീപനവുമാണ്.

നിരവധി ആശുപത്രി അതിക്രമങ്ങളും ആരോഗ്യപ്രവര്‍ത്തകര്ക്കുമെതിരെയുള്ള അക്രമങ്ങള്‍ക്കുമാണ് കേരളസമൂഹം ഈ അടുത്ത കാലത്ത് സാക്ഷിയായിട്ടുള്ളത്. പല വിധ സമ്മര്‍ദ്ദങ്ങളും സംരക്ഷണവും കാരണം മുന്‍കൂര്‍ജാമ്യം ലഭിക്കുന്നതു വരെ പ്രതികളുടെ അറസ്റ്റ്(Arrest) പോലീസ്(police) വൈകിപ്പിക്കുന്നതാണ് ഇത്തരം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് കാരണം. പ്രതികളുടെ അറസ്റ്റ് വൈകുന്നതും ശിക്ഷ ലഭ്യമാക്കുന്നതിലുള്ള കാലതാമസവും ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. ഇതിനെതിരെ സന്ധിയില്ലാ സമരവുമായി കെ ജി എം ഒ എ മുന്നോട്ടു പോവുന്നതാണ്.

എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണം. ആശുപത്രികള്‍ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രികളുടെ സുരക്ഷക്കായി Central Industrial Security Force ന്റെ മാതൃകയില്‍ പ്രത്യേക സംവിധാനം രൂപീകരിക്കണം. കൃത്യമായ പൊലീസ് നടപടിയിലൂടെ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും അതിവേഗ കോടതികള്‍ സ്ഥാപിച്ച് ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുകയും വേണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.

ജീവന്‍ കാക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇതിനെതിരെ പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. നീണ്ടകര സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം. ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍ നടപടികള്‍ ഉണ്ടാവണമെന്നും ഇതുണ്ടായില്ലെങ്കില്‍ നീണ്ടകര ആശുപത്രിയില്‍ ആരംഭിച്ച സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതായിരിക്കുമെന്നും കെ ജി എം ഒ എവ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News