RSS പരിപാടിയിൽ KNA ഖാദർ പങ്കെടുത്ത വിഷയം ; പ്രതികരിക്കാതെ ലീഗ് അധ്യക്ഷൻ

ആർ എസ് എസ് പരിപാടിയിൽ കെ എൻ എ ഖാദർ പങ്കെടുത്ത വിഷയത്തിൽ പ്രതികരിക്കാതെ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ഖാദറിൻ്റെ വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്ന് പറഞ്ഞ പി.കെ. കുഞ്ഞാലിക്കുട്ടി കൂടുതൽ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഖാദറിൻ്റെ നടപടി ലീഗ് നിലപാടിന് വിരുദ്ധമെന്നായിരുന്നു എം കെ മുനീറിൻ്റെ പ്രതികരണം.

ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരി പഠന കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്ലീംലീഗ് നേതാവ് കെ എൻ എ ഖാദർ അതിഥിയായി പങ്കെടുത്തത്. ആർ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാർ, ഖാദറിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചതും ആർഎസ്എസ് നേതാവിനെ പുകഴ്ത്തിയുള്ള ഖാദറിൻ്റെ പ്രസംഗവും ലീഗ് നേതൃത്വത്തെ വെട്ടിലാക്കി.

ചടങ്ങിൽ ചുമർചിത്ര ശില്പ അനാച്ഛാദനം നിര്‍വഹിച്ചതും കെ എൻ എ ഖാദറാണ്. എന്നാൽ ലീഗ് നേതാവിന്‍റെ ആർ എസ് എസ് വേദി പങ്കിടലിനെകുറിച്ച് പ്രതികരിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയ്യാറായില്ല.

ഖാദറിൻ്റെ വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ആർഎസ്എസ് വേദിയിൽ ലീഗ് നേതാക്കൾ പോകാറില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ വാർത്താസമ്മേളനം അവസാനിപ്പിച്ചു.

അതേ സമയം കെ.എൻ.എ ഖാദറിനെതിരെ രൂക്ഷ വിമർശനവുമായി എം കെ മുനീർ രംഗത്ത് വന്നു. വിഷയം പാർട്ടി നയത്തിന് എതിരാണെന്ന് മുനീർ പറഞ്ഞു. പാർട്ടി ഗൗരവത്തോടെ ചർച്ച ചെയ്യും. KNA ഖാദറിൻ്റെ വിശദീകരണം കൂടി കേൾക്കുമെന്നും മുനീർ വ്യക്തമാക്കി.

എന്നാൽ ആർ.എസ്.എസിന്റെ പരിപാടി എന്ന നിലയ്ക്കല്ല പങ്കെടുത്തതെന്നാണ് കെ എൻ എ ഖാദറിൻ്റെ വിശദീകരണം. സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തതെന്ന് പറഞ്ഞ് വിവാദത്തെ ലഘൂകരിക്കാനുളള ശ്രമത്തിലാണ് ഖാദർ. ഖാദറിൻ്റെ നടപടിയിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും കടുത്ത പ്രതിഷേധത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News