കൊവിഡ് പ്രോട്ടോക്കോള്‍ മുന്നറിയിപ്പ് സംസ്‌കൃതത്തില്‍ നല്‍കുന്ന ആദ്യവിമാനത്താവളമായി വരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം

സംസ്‌കൃതത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ മുന്നറിയിപ്പ് നല്‍കുന്ന ആദ്യവിമാനത്താവളമായി വരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം മാറി. വെള്ളിയാഴ്ച മുതല്‍ സംസ്‌കൃതത്തിലും മുന്നറിയിപ്പ് നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

വരാണസി എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സംസ്‌കൃതത്തില്‍ അറിയിപ്പ് നല്‍കുന്ന ക്ലിപ്പ് ഷെയര്‍ ചെയ്തത്. ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അറിയിപ്പുകള്‍ നല്‍കുന്നത്. ഞങ്ങളുടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിയാല്‍ അവര്‍ കാശിയുടെ പിന്നിലെത്തിയെത്തിയെന്ന് അവര്‍ക്ക് തോന്നുമെന്നും എയര്‍പോര്‍ട്ട് അധികൃതരുടെ ട്വീറ്റില്‍ പറയുന്നു. ഹിന്ദിയിലാണ് അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ഇത്. നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ വരാണസി.

അതേസമയം, എയര്‍പോര്‍ട്ടിന്റെ തീരുമാനം ശുദ്ധ മണ്ടത്തരമാണെന്ന് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ പ്രതികരിച്ചു. ‘പാലിയും പ്രാകൃതവും കൂടി ഉള്‍പ്പെടുത്താം. ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയതും അശോകന്‍ തന്റെ ഏറ്റവും പ്രശസ്തമായ സ്തംഭം പണിത സ്ഥലവുമാണ് സാരാനാഥ്, സംസ്‌കൃതത്തില്‍ പൊതുജനാരോഗ്യ സുരക്ഷാ പ്രഖ്യാപനം നടത്തുന്നത് തികഞ്ഞ മണ്ടത്തരം! അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംസ്‌കൃതത്തില്‍ അറിയിപ്പുകള്‍ നല്‍കിയാല്‍ ആര്‍ക്ക് മനസിലാകും എന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

ബനാറസ് ഹിന്ദു സര്‍വകലാശാലയുമായി സഹകരിച്ചാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ സംരംഭം ആരംഭിച്ചത്. വരാണസി പുരാതന കാലം മുതല്‍ സംസ്‌കൃതത്തിന്റെ കേന്ദ്രമായിരുന്നു. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News