ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഗുഡ് ബൈ

ഇനി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളില്ല.നിരോധനം കർശനമാക്കി കേന്ദ്ര സർക്കാർ. 19 പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ജൂലൈ ഒന്നാം തീയതി മുതൽ കർശനമായി നടപ്പാക്കണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം. നിരോധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു.

മിഠായി സ്റ്റിക്, ഇയർ ബഡ്സ്, അലങ്കാരത്തിനുപയോഗിക്കുന്ന തെർമോക്കോൾ, പ്ലാസ്റ്റിക് ഗ്ലാസ് തുടങ്ങി 19 വസ്തുക്കളുടെ ഉപയോഗമാണു നിരോധിക്കുന്നത്. ഇവയുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കും നിരോധനം ബാധകമാകും.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിർമിക്കുന്നവർ, പ്ലാസ്റ്റിക് അസംസ്കൃത വസ്തു നിർമാതാക്കൾ, വിൽപ്പനക്കാർ, ഇ കൊമേഴ്സ് കമ്പനികൾ എന്നിവർക്ക് നിരോധനം സംബന്ധിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അറിയിപ്പും നിർദേശവും നൽകിയിട്ടുണ്ട്. നേരത്തേ 50 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകൾ നിരോധിച്ചിരുന്നു.

ഇനി മുതൽ അത് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള ക്യാരി ബാഗുകൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും കൂടി ബാധകമാകും. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. നിരോധിച്ച 19 ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതു വിലക്കി പരസ്യപ്രചാരണങ്ങളും ബോധവൽക്കരണവും നടത്തുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here