ഡോക്ടര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആയിരുന്ന ഡോ.ജോ ജോസഫിനെതിരെ വ്യാജ വീഡിയോ നിർമ്മിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം സമാന സ്വഭാവമുള്ള ഒരു കേസിൽ കേരളത്തിലെ ഒരു വനിതാ മന്ത്രിയുടെ അശ്ലീലവീഡിയോ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ ഡ്യൂപ്പാക്കി നിർമ്മിക്കാൻ നീക്കം നടത്തിയതിന് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയുണ്ടായി.
തൃക്കാക്കര ഇലക്ഷനുമായി ബന്ധപ്പെട്ട് ഇടതു സ്ഥാനാർഥിയുടേതെന്ന തരത്തിൽ വ്യാജവീഡിയോ പ്രചരിപ്പിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിക്കുകയും സാധാരണമെന്ന മട്ടിൽ പ്രതികരിക്കുകയുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്തത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രധാന പ്രവർത്തകരാണെന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ വെളിവാക്കപ്പെട്ടു.
ഇത്തരം വീഡിയോ കിട്ടിയാൽ ആരായാലും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സൈബർ കുറ്റവാളികൾക്ക് പരസ്യപിന്തുണ നൽകിയ പ്രതിപക്ഷ നേതാവിന്റെ നടപടി കേരള സമൂഹത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു.
ഈ സാഹചര്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടത്തിനായി ഇത്തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ചതിൽ ക്രൈം നന്ദകുമാറിന്റെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്.
മാത്രമല്ല ഇത്തരം ഹീനമായ കുറ്റകൃത്യം ചെയ്ത സൈബർ ക്രിമിനലുകളെ ന്യായീകരിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ വി.ഡി. സതീശന്റെ നടപടിയും സംശയസ്പദമാണ്.ഇത് സംബന്ധിച്ച് ഉന്നത തല ഗൂഢാലോചന കൂടി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.