Cabinet : കെപിപിഎൽ പ്രവർത്തനം സുഗമമാക്കാൻ നടപടി

മൂന്ന് വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് കമ്പനി സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് പുതുതായി ആരംഭിച്ച കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‌പാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായുള്ള നടപടിയെടുക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വനം വകുപ്പിന്റെ അധീനതിയിലുള്ള തോട്ടങ്ങളിൽ കെപിപിഎൽ പേപ്പർ പൾപ്പ് നിർമ്മാണത്തിനാവശ്യമായി കണ്ടെത്തിയ 24000 എംറ്റി വനാധിഷ്‌ഠിത അസംസ്‌കൃത വസ്‌തുക്കൾ കെപിപിഎല്ലിന് അനുവദിക്കും. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.

ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ചു

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിലുള്ള ശിപാർശകൾ ഭേദഗതിയോടെ അംഗീകരിച്ചു. പ്രാദേശിക സർക്കാരുകളുടെ വിഭവസമാഹരണം, വായ്പ എടുക്കൽ, സ്വമേധയാ നൽകുന്ന സംഭാവനകൾ ശേഖരിക്കൽ, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ, വികസന ഫണ്ടിന്റെയും പൊതു അവശ്യ ഫണ്ടിന്റെയും വിന്യാസവും ബന്ധപ്പെട്ട കാര്യങ്ങളും മുതലയാവയാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

ശമ്പളപരിഷ്‌കരണം

കേരള കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ ചീഫ് ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ 4 എൽ.ഡി. ക്ലർക്ക്, 4 പ്യൂൺ/ആഫീസ് അറ്റൻഡന്റ്, 2 പ്യൂൺ-കം പ്രോസസ്സ് സെർവർ എന്നിവർക്കും ബോർഡിലെ സർക്കാർ അംഗീകൃത തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 8 പാർട്ട് ടൈം സ്വീപ്പർമാർക്കും 10.02.2021 ലെ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.

കമ്മീഷൻ പുനഃസംഘടിപ്പിച്ചു

2022 മാർച്ച് 13 ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ് (റിട്ട.) സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനും അഡ്വ. മാണി വിതയത്തിൽ (എറണാകുളം), ജി. രതികുമാർ (കൊട്ടാരക്കര) എന്നിവർ അംഗങ്ങളുമാണ്.

അധിക ധനസഹായം

കൊല്ലം അഴീക്കലിന് സമീപം 02.09.2021 ന് മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം നൽകാൻ തീരുമാനിച്ചു. 3,90,000 രൂപ വീതമാണ് ഓരോ കുടുംബത്തിനും നൽകുക. തങ്കപ്പൻ, സുദേവൻ, സുനിൽ ദത്ത് എന്നിവരുടെ കുടുംബങ്ങൾക്ക് 1,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 15,000 രൂപ ഫിഷറീസ് വകുപ്പിൽ നിന്നും നേരത്തെ അനുവദിച്ചിരുന്നു.

ഭൂമി കൈമാറ്റം

കിൻഫ്രയ്ക്ക് വേണ്ടി അക്വയർ ചെയ്ത ഭൂമിയിൽ ഉൾപ്പെട്ട എറണാകുളം കാക്കനാട് വില്ലേജിൽ ബ്ലോക്ക് 9 റീസർവ്വെ 570/2 ൽ പ്പെട്ട 02.1550 ഹെക്ടർ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കിൽ വ്യവസായ പാർക്ക് വികസനത്തിന് കിൻഫ്രയ്ക്ക് കൈമാറാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി. പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കർ ഭൂമി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ തീരുമാനിച്ചു. 17.4 ഏക്കർ ഭൂമി നേരത്തെ കൈമാറിയിരുന്നു.

പാട്ടത്തിന് നൽകും

മലപ്പുറം ജില്ലയൽ നടുവട്ടം വില്ലേജിലെ എട്ട് ഏക്കർ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് കെ.എസ്.ഐ..ഡി.സിക്ക് 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

മുദ്ര വില ഒഴിവാക്കി

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ ഭാഗമായി തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയൻസ് റിസർച്ച് & ട്രെയിനിംഗ് സെന്ററിന് പാട്ടത്തിനെടുക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വെ 187/1 ൽപ്പെട്ട 80.93 ആർ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിൽ ആവശ്യമായി വരുന്ന 50,00,470 രൂപ ഒഴിവാക്കി നൽകും. ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ പേരിൽ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇളവ് ചെയ്യാൻ തീരുമാനിച്ചു.

പുനരധിവസിപ്പിക്കും

കോന്തുരുത്തി പുഴ കൈയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും. സർവ്വേയിൽ അർഹരായി കണ്ടെത്തിയ 122 പേരിൽ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 56 കുടുംബങ്ങൾ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. പള്ളുരുത്തി വില്ലേജിൽ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്കു കൈമാറിയ 1 ഏക്കർ 38 സെന്റ് 200 സ്‌ക്വയർ ലിങ്ക്‌സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിർമ്മിക്കാൻ തത്വത്തിൽ അനുമതി നൽകി. പുഴ കയ്യേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കും

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സർക്കാർ സ്‌പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കും. 2021-22 വാർഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിക്കുന്നത്. പ്രാരംഭ ചെലവിനായി 1 കോടി രൂപ വകയിരുത്തിയിരുന്നു. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്.

കേരള സർക്കാരിനുവേണ്ടി കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി എന്നീ ഏജൻസികൾ അല്ലെങ്കിൽ കേരള സർക്കാർ ഉടമസ്ഥതയിലുള്ള / നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സംയുക്തമായി സ്‌പോൺസർ ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തിൽ പ്രവർത്തിക്കുന്നതോ പ്രവർത്തനത്തിന്റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ലഭിക്കും.

തസ്‌തിക

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്‌തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഡയറക്ടർ (ധനകാര്യം) തസ്തിക സൃഷ്ടിച്ച് ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി / ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. എസ്.ഡി പ്രിൻസിനെ കേരള രാജ് ഭവനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി നിയമിച്ച നടപടി സാധൂകരിച്ചു. വ്യവസായ വകുപ്പിൽ സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡിൽ നാല് വർഷമായി ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് മാനേജറുടെ തസ്തിക പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിച്ച 11-ാം ശമ്പളപരിഷ്‌കരണ ആനുകൂല്യം സംസ്ഥാന മെഡിക്കൽ കൗൺസിൽ ജീവനക്കാർക്കും കേരള ഡന്റൽ കൗൺസിൽ ജീവനക്കാർക്കും അനുവദിക്കും.

കെ എം മാണിയുടെ പേര് നൽകും

പാലാ ജനറൽ ആശുപത്രിയെ ‘കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രി പാലാ’ എന്ന് പുനർനാമകരണം ചെയ്യും.

കാർ വാങ്ങാൻ അനുമതി

ഏഴ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർക്ക് പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ വാങ്ങാൻ അനുമതി നൽകി. ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ഓപ്ഷനും നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News