Qatar World Cup:ലൈംഗികനിയന്ത്രണം ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍ ലോകകപ്പ്

(World Cup)ലോകകപ്പിന് ഖത്തര്‍ ഒരുങ്ങുന്നത് കടുത്ത നിയന്ത്രണങ്ങളുമായാണ്. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് (Qatar World Cup)ഖത്തര്‍ ലോകകപ്പിലേക്ക് കടക്കുന്നത്. ഖത്തര്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങള്‍ ചെയ്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സാരം. ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. ഖത്തറില്‍ നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ഖത്തറിലേക്ക് ലോകകപ്പിനെത്തുന്നവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സ്വവര്‍ഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും.

പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ഖത്തറില്‍ ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും അനുവദനീയമല്ല. അതേസമയം ലോകകപ്പിന്റെ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്. ഖത്തറില്‍ പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും. മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവരെയും കടുത്തശിക്ഷയാണ് കാത്തിരിക്കുന്നത്. ഖത്തറിലേക്കെത്തുന്ന ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്‌ബോള്‍ ആരാധകരോട് മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പൊലീസും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News