Abaya Case; അഭയ കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഉപാധികളോടെ ജാമ്യം

അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ.

അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

28 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്ക് ശേഷമാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്.

കേസിൻറെ വിചാരണ ഉൾപ്പെടെയുളള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ 49 സാക്ഷികളെ ഉൾപ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സി. സെഫിയ്ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News