human trafficking case; കൊച്ചി മനുഷ്യക്കടത്ത് കേസ്; കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് കടത്തിയത് 30 സ്ത്രീകളെ

കൊച്ചി മനുഷ്യക്കടത്ത് കേസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മുഖ്യപ്രതി മജീദും വിവിധ ഏജന്‍റുമാരും ചേര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് കടത്തിയത് 30 സ്ത്രീകളെ.ഇതില്‍ പന്ത്രണ്ട് പേരുമായി സൗത്ത് പൊലീസ് ആശയവിനിമയം നടത്തി.

കുവൈറ്റില്‍ നിന്നും രക്ഷപ്പെട്ടെത്തിയ തോപ്പുംപടി സ്വദേശിനി നല്‍കിയ പരാതിയെത്തുടര്‍ന്ന് സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മുഖ്യപ്രതിയും കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയുമായ മജീദും വിവിധ ഏജന്‍റുമാരും ചേര്‍ന്ന് മുപ്പതോളം സ്ത്രീകളെ വിദേശത്തേക്ക് കടത്തിയതായാണ് കണ്ടെത്തിയത്.ഇതില്‍ 12 പേരുമായി പോലീസിന് ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.ചുരുക്കം ചിലര്‍ മാത്രമാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.മറ്റ് ചിലര്‍ ഇപ്പോഴും കുവൈറ്റില്‍ അടിമപ്പണി ചെയ്യുകയാണ്.ചിലരാകട്ടെ ഏജന്‍സികളുടെ രഹസ്യകേന്ദ്രത്തിലും കഴിയുന്നുണ്ട്.

മഹാരാഷ്ട്ര,ആന്ധ്ര,തമിഴ്നാട് തുടങ്ങി മറ്റ് സംസ്ഥാനങ്ങള്‍ വഴിയും മജീദിന്‍റെ ഏജന്‍റുമാര്‍ സ്ത്രീകളെ കുവൈറ്റിലെത്തിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്‍പ് അറസ്റ്റ് ചെയ്ത അജുമോനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യവെ പ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.ഇവരുടെ സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.മജീദിന്‍റെ സുഹൃത്തായ കുവൈറ്റുകാരനാണ് ഏജന്‍സിയുടമയായ അജുമോന് വിസ അയച്ചുനല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.കുവൈറ്റുകാരനും മനുഷ്യക്കടത്തില്‍ പങ്കുണ്ടൊയെന്നും പരിശോധിക്കുന്നുണ്ട്.അതേസമയം, വിദേശത്ത് കഴിയുന്ന മജീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഇയാളെ ചോദ്യം ചെയ്തെങ്കില്‍ മാത്രമെ മനുഷ്യക്കടത്തിന്‍റെ വ്യാപ്തി വ്യക്തമാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News