ഉറക്കം കുറവാണോ?; ഇവ ശ്രദ്ധിക്കുക

കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍ തന്നെ അല്‍പസമയത്തിനുശേഷം ഉണരുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം അധികമായ ടെന്‍ഷന്‍ ആണ്. ജോലിസ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും, കുട്ടികളുടെ ഭാവി ഓര്‍ത്തുള്ള ആശങ്കകളും ഉറക്കത്തില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അമിത ആശങ്ക ഉണ്ടാകുമ്പോള്‍ ശരീരത്തിലെ അഡ്രിനാലിനും സമാനമായ ഹോര്‍മോണുകളും ഉത്തേജിപ്പിക്കപ്പെടുകയും അവ ഉണര്‍വിനു കാരണമായ മസ്തിഷ്‌കഭാഗത്തെ ത്രസിപ്പിക്കുകയും ചെയ്യുന്നു.

വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോള്‍ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കില്‍ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കുന്നു. വിഷാദരോഗം ബാധിച്ചവര്‍ രാവിലെ മൂന്നുമണിക്കോ നാലുമണിക്കോ മറ്റോ എഴുന്നേല്‍ക്കുന്നു.

ജോലിയിലുള്ള അഡിക്ഷന്‍, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, വ്യക്തിജീവിതത്തിലെ നിരാശകള്‍, അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതി തുടങ്ങിയവയൊക്കെ ഉറക്കമില്ലായ്മയ്ക്കു കാരണമാണ്.

ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം മാറുമ്പോഴും മനസ്സിന് സമ്മര്‍ദമുണ്ടാകുമ്പോഴും താത്കാലികമായ ഉറക്കമില്ലായ്മ ഉണ്ടാകുന്നു. ഉദാഹരണത്തിന് ജോലിസ്ഥലംമാറ്റം, പരീക്ഷയുടെ തലേദിവസത്തെ തയ്യാറെടുപ്പ്, വിവാഹത്തിനുള്ള തയ്യാറെടുക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ഉറക്കക്കുറവ് അധികനാള്‍ നീണ്ടുനില്‍ക്കുന്നതോ ഒരു രോഗത്തിന്റെ ഭാഗമായി വരുന്നതോ അല്ല. സമ്മര്‍ദത്തിനു കാരണമായ സാഹചര്യം മാറുന്നതിനനുസരിച്ച് ഉറക്കം പഴയതുപോലെയാകും.

ചിലര്‍ സമയത്തിന് ഉറങ്ങാന്‍ സാധിക്കുമോ എന്ന് ആകുലപ്പെടുന്നു. കിടന്ന് കുറച്ചുനേരം കഴിഞ്ഞ് ഉറക്കം കിട്ടിയില്ലെങ്കില്‍ ഇവര്‍ സമയം നോക്കും. അപ്പോള്‍ ആശങ്ക വര്‍ധിക്കുന്നു. ലഭിക്കേണ്ട ഉറക്കംകൂടി ഇങ്ങനെ ഇല്ലാതാകുന്നു. പിന്നീട് ഇതൊരു നിത്യപ്രശ്നമായി മാറുന്നതോടെ ഏറെ മാനസിക ക്ലേശം അനുഭവിക്കേണ്ടി വരുന്നു. ഉറക്കം ലഭിക്കാതെ വരുന്നതോടെ കിടക്കുന്ന മുറിയും മെത്തയും മറ്റും ഉറക്കമില്ലാത്ത അവസ്ഥയുടെ അടയാളങ്ങളായി മനസ്സില്‍ പതിയുന്നു. ഉറക്കമില്ലാത്ത അവസ്ഥയുമായി മനസ്സ് ഇവയെ ബന്ധപ്പെടുത്തുന്നതുകൊണ്ട് ഇവ കാണുമ്പോള്‍ത്തന്നെ ഉറക്കം ഉല്ലാതാകുന്നു. ഇത് ഒരുതരം ശീലമാക്കുന്നു.

ധാരാളം കാപ്പി കുടിക്കുക, ഉച്ചകഴിഞ്ഞ് ഉറങ്ങുക, രാത്രി വികാരക്ഷോഭം ഉണ്ടാക്കുന്ന കാര്യങ്ങള്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ ഉറക്കത്തെ ബാധിക്കുന്നു. രാത്രി വൈകി ടെലിവിഷനില്‍ വികാര വേലിയേറ്റമുണ്ടാക്കുന്ന പരിപാടികള്‍ കാണുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടേക്കാം.

ആസ്ത്മ, എംഫസിമ, സന്ധിവാതം മുതലായ രോഗങ്ങള്‍ക്കു പുറമെ നീണ്ടുനില്‍ക്കുന്ന വേദനയും ഉറക്കം നഷ്ടപ്പെടുത്തിയേക്കാം.
മദ്യം കഴിച്ചാല്‍ തുടക്കത്തില്‍ ഉറക്കം ലഭിക്കുമെന്നു തോന്നുമെങ്കിലും പിന്നീടുള്ള ഉറക്കം അവതാളത്തിലാകുന്നു. രാത്രി പലവട്ടം ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കേണ്ടിവരുന്നു.
നീണ്ടുനില്‍ക്കുന്ന ഉറക്കമില്ലായ്മ എങ്ങനെ ശരിയാക്കാം?

ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്. മനസ്സും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് തിരിച്ചറിയുക. ഉറക്കകുറവിന്റെ കാരണമെന്താണ് ചിന്തിച്ചു കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില തയാറെടുപ്പുകള്‍ സ്വയം നടത്തിയാല്‍ മനസ്സുകൊണ്ടുതന്നെ ഉറക്കത്തെ കീഴ്‌പ്പെടുത്തുവാന്‍ കഴിയും.

1 ഒരു നിശ്ചിതസമയം രാത്രി ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ഇതനുസരിച്ച് ഏതെങ്കിലും കാരണവശാല്‍ വൈകി കിടന്നാല്‍പ്പോലും ഉണരുന്ന സമയം പഴയതു തന്നെയാകണം. ഉദാഹരണത്തിന് 10 മണിക്ക് കിടന്നു 5 മണിക്ക് എഴുന്നേല്‍ക്കുന്നത് ശീലമാക്കിയവര്‍ ഒരു ദിവസം 12 മണിക്ക് കിടന്നാലും 5 മണിക്ക് തന്നെ എഴുന്നേല്‍ക്കണം. ശരീരത്തിലെ ബിയോളോജിക്കല്‍ ക്ലോക് തെറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടത്.

2 മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങള്‍,ശബ്ദസംവിധാനങ്ങള്‍ തുടങ്ങിയവ കിടപ്പുമുറിയില്‍ ഉപയോഗിക്കരുത്.

3 ഉച്ച കഴിഞ്ഞ് കാപ്പി ഒഴിവാക്കണം. ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. അല്ലെങ്കില്‍ ഉറക്കം കിട്ടാന്‍ താമസിക്കും.

4 ഉറങ്ങുന്ന മുറി ഉറക്കത്തിനുമാത്രം ഉപയോഗിക്കുക. ഈ മുറിയില്‍ വെച്ച് എഴുതുകയും വായിക്കുകയും ചെയ്യുക, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുക.

5 കിടപ്പുമുറി സുഗന്ധപൂരിതമായിരിക്കുവാന്‍ ശ്രദ്ധിക്കുക.കിടക്ക എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.കിടപ്പറയുടെ ഭിത്തിയുടെയും സാധനങ്ങളുടെയും നിറം നിങ്ങളുടെ ഇഷ്ടത്തിനൊത്ത് മാറ്റുക.

6 ഉറങ്ങാന്‍ കിടക്കും മുന്‍പ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ ചിന്തിക്കരുത്. ഉറക്കംകളയുന്ന ചിന്തകളെ പരിഷ്‌കരിക്ച്ചു നല്ല ചിന്തകളാക്കുക.

7 ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് കുളിക്കുക.ചെറിയ ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം വേഗം വരാന്‍ സഹായിക്കും.

8 ഉറങ്ങുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകളില്‍ വികാരക്ഷോഭമുണ്ടാക്കുന്ന രംഗങ്ങള്‍ ടെലിവിഷനില്‍ കാണാതിരിക്കുക, മാറ്റുള്ളവരുമായി വഴക്കിടാതിരിക്കുക.

9 ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ സ്വന്തം ജീവിതത്തില്‍ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന നല്ല കാര്യങ്ങളോ നടന്ന നല്ല കാര്യങ്ങളോ മനസ്സില്‍ കാണുക. അവയുടെ ആനന്ദത്തില്‍ മുഴുകി കണ്ണടച്ച് കിടക്കുക. ഉറക്കത്തിലേക്ക് വഴുതി വീണുകൊള്ളും. വളരെ ഫലപ്രദമായ ഒരു ടെക്നിക്ക് ആണിത്. ചിന്ത ഒഴിവാക്കുക.

10 ഒരു നിവൃത്തിയുമില്ലെങ്കില്‍ ഉറക്കത്തിനായി ഡോക്ടറുടെ സഹായം തേടാവുന്നതാണ്. അത്യാവശ്യമാണെങ്കില്‍ മാത്രം മരുന്ന് ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News