Draupadi Murmu: ദ്രൗപദി മുര്‍മു ഇന്ന് പത്രിക സമര്‍പ്പിക്കും; വോട്ട് മൂല്യത്തില്‍ എന്‍ഡിഎ മുന്നില്‍

എന്‍ഡിഎയുടെ(NDA) രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു(Draupadi Murmu) ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഒഡിഷയില്‍നിന്ന് വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം സമൂഹത്തിലെ എല്ലാ വിഭാഗവും രാജ്യവ്യാപകമായി അംഗീകരിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മന്ത്രിമാരായ ജഗന്നാഥ് സാരകയും തുകുനി സാഹുവും മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് പത്രികയില്‍ ഒപ്പുവയ്ക്കുമെന്നും ബിജെഡി നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് ട്വിറ്ററില്‍ കുറിച്ചു. പ്രതിപക്ഷത്തെ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ബുധനാഴ്ച പത്രിക സമര്‍പ്പിക്കും.

ബിജെഡിയും വൈഎസ്ആര്‍സിപിയും പിന്തുണ അറിയിച്ചതോടെ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള ആകെ വോട്ടുമൂല്യത്തില്‍ എന്‍ഡിഎ മുന്നില്‍. ബിജെപിയോട് ഇടഞ്ഞുനില്‍ക്കുമ്പോഴും മുര്‍മുവിന് വോട്ടുചെയ്യുമെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. യുപിഎക്കൊപ്പമുള്ള ജെഎംഎമ്മും അനിശ്ചിതത്വത്തിലാണ്. ജാര്‍ഖണ്ഡില്‍ നിര്‍ണായക വോട്ടുബാങ്കായ സന്താള്‍ വിഭാഗക്കാരിയാണ് മുര്‍മു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനും സന്താള്‍ വിഭാഗക്കാരനാണ്. പിന്തുണ ആര്‍ക്കെന്ന് ജെഎംഎം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ ശിവസേന നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here